മുംബൈ: തട്ടിപ്പിനേത്തുടർന്ന് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെയും അദ്ദേഹത്തിന്റെ അമ്മാവൻ മെഹുൽ ചോക്സിയുടെയും ആഢംബര വാഹനങ്ങൾ ലേലം ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നേതൃത്വത്തിൽ മെറ്റൽസ് ആൻഡ് സ്ക്രാപ് ട്രേഡിംഗ് കോർപറേഷനാണ് 13 വാഹനങ്ങൾ ലേലം ചെയ്തത്. കഴിഞ്ഞ വർഷമാണ് എൻഫോഴ്സ്മെന്റ് ഇരുവരുടെയും വാഹനങ്ങൾ കണ്ടുകെട്ടിയത്.
സിൽവർ നിറത്തിലുള്ള റോൾസ് റോയ്സ് (1.33 കോടി രൂപ പ്രാരംഭവില), പോർഷെ (54.6 ലക്ഷം), ചുവപ്പു നിറമുള്ള മെഴ്സിഡസ് ബെൻസ് (14 ലക്ഷം), വെള്ള മെഴ്സിഡസ് ബെൻസ് (37.80 ലക്ഷം), ബിഎംഡബ്ല്യു (9.80 ലക്ഷം) രൂപ എന്നിവയാണ് ആഢംബര വാഹനങ്ങൾ. ഇതുകൂടാതെ രണ്ട് ഹോണ്ട ബ്രയോ, ടൊയോട്ട ഇന്നോവ, ഹോണ്ട സിആർവി, ടോയോട്ട ഫോർച്യൂണർ, സ്കോഡ സൂപ്പർബ് എലഗൻസ്, ടോയോട്ട കൊറോള ആൾട്ടിസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നീ വാഹനങ്ങളുമുണ്ട്.
13 വാഹനങ്ങളിൽ ബിഎംഡബ്ല്യു, ഇന്നോവ ക്രിസ്റ്റ എന്നിവയാണ് ചോക്സിയുടേതായുള്ളത്. മറ്റു വാഹനങ്ങൾ മോദിയുടെയും കുടുംബത്തിന്റെയും കന്പനികളുടെയും പേരിലുള്ളത്.
നീരവ് മോദിയുടെയും ചോക്സിയുടെയും കാറുകളുടെ ലേലം തുടങ്ങി
11:12 PM Apr 25, 2019 | Deepika.com