മുംബൈ: ഷോർട്ട് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന് വിലക്കേർപ്പെടുത്തിയതിനേത്തുടർന്ന് തങ്ങൾക്ക് പ്രതിദിനം അഞ്ചു ലക്ഷം യുഎസ് ഡോളറിന്റെ നഷ്ടമുള്ളതായി ടിക് ടോക്കിന്റെ ഡെവലപ്പേഴ്സ് ആയ ബൈറ്റ്ഡാൻസ് ടെക്നോളജീസ്. ഇന്ത്യയിലെ തങ്ങളുടെ 250 ജീവനക്കാരുടെ കാര്യത്തിൽ അനിശ്ചിതത്വമുണ്ടെന്നും ബൈറ്റ്ഡാൻസ് അറിയിച്ചു.
നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കന്പനി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കന്പനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ""പരസ്യവരുമാനമുൾപ്പെടെയുള്ളവയിൽ വലിയ ഇടിവാണുണ്ടായിരിക്കുന്നത്. കന്പനിയുടെ സത്പേരിനും കളങ്കമുണ്ടായിരിക്കുന്നു. പ്രതിദിനം 10 ലക്ഷത്തിൽപ്പരം പുതിയ ഉപയോക്താക്കളെ ലഭിച്ചിരുന്നതാണ്. വിലക്കിനേത്തുടർന്ന് ഏകദേശം 60 ലക്ഷം ഉപയോക്താക്കൾക്ക് ആപ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിച്ചിട്ടില്ല.''- കന്പനി ഹർജിയിൽ പറയുന്നു.
ജപ്പാന്റെ സോഫ്റ്റ് ബാങ്കിനു വലിയ നിക്ഷേപമുള്ള ടിക് ടോക്കിന് ഇന്ത്യയിൽ 30 കോടി ഉപയോക്താക്കളും ലോകമെന്പാടും 100 കോടിയിലേറെ ഉപയോക്താക്കളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ടിക് ടോക്ക് വിലക്ക്: ബൈറ്റ് ഡാൻസിനു പ്രതിദിനം നഷ്ടം അഞ്ചു ലക്ഷം ഡോളർ
10:46 PM Apr 23, 2019 | Deepika.com