പാരീസ്: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം കുറയുന്നു. ഇതു സംബന്ധിച്ച ആഗോള പട്ടികയിൽ ഇന്ത്യ രണ്ടു സ്ഥാനം താഴ്ന്ന് 140-ാമതായി. നോർവേയാണ് ഒന്നാം സ്ഥാനത്ത്.
പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ എന്ന സംഘടനയുടെ 2019ലെ ‘ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക’യിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ഇന്ത്യയിലെ മാധ്യമപ്രവർത്തകർ വലിയ ഭീഷണി നേരിടുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയക്കാരും പോലീസും മാവോയിസ്റ്റുകളുമെല്ലാം മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നു. ആറു മാധ്യമപ്രവർത്തകർ ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടു.
പ്രാദേശിക ഭാഷാ സ്ഥാപനങ്ങളിൽപ്പെട്ടവരാണ് കൂടുതൽ ആക്രമണങ്ങൾക്കിരയാകുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാധ്യമപ്രവർത്തകർ ബിജെപി പ്രവർത്തകരുടെ ആക്രമണത്തിന് ഇരയാകുന്ന സംഭവങ്ങൾ വർധിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു.
180 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. പാക്കിസ്ഥാൻ 142ഉം ബംഗ്ലാദേശ് 150ഉം സ്ഥാനത്താണ്. ഫിൻലാൻഡ്(2), സ്വീഡൻ(3), നെതർലാൻഡ്സ്(4) എന്നിങ്ങനെയാണ് ആദ്യ സ്ഥാനങ്ങൾ. നോർത്ത് കൊറിയയെ മറികടന്ന് തുർക്ക്മെനിസ്ഥാൻ ഏറ്റവും അവസാന സ്ഥാനത്തായി. ചൈന 177ഉം വിയറ്റ്നാം 176ഉം സ്ഥാനത്താണ്.
ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം കുറഞ്ഞു
11:13 PM Apr 18, 2019 | Deepika.com