1163-1345 നോട്ടർഡാം കത്തീഡ്രൽ നിർമാണം. പുരാതന ഗാളോ-റോമൻ പട്ടണമായ ല്യുട്ടേഷ്യയുടെ സ്ഥാനത്താണ് ഇതു പണിതത്. 127 മീറ്റർ നീളം, 48 മീറ്റർ വീതി, 47 മീറ്റർ ഉയരം. ഗോപുരങ്ങൾക്ക് 68 മീറ്റർ ഉയരം. പടിഞ്ഞാറേ ഗോപുരം 1200-ൽ നിർമാണം തുടങ്ങി. 1240-ൽ വടക്കേ ഗോപുരം തീർന്നു. 1250-ൽ തെക്കേ ഗോപുരവും. ഫ്രഞ്ച് ഗോഥിക് വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഈ ദേവാലയം.
1789-93 ഫ്രഞ്ച് വിപ്ലവം. കലാപകാരികൾ കത്തീഡ്രലിനു നാശനഷ്ടം വരുത്തി. ബൈബിളിലെ രാജാക്കന്മാരുടെ 28 പ്രതിമകളുടെ ശിരസ് തകർത്തു. ഇവയിൽ 21 എണ്ണം 1977-ൽ സമീപത്തു നടത്തിയ ഖനനത്തിൽ കണ്ടെത്തി. ഇവ ക്ലൂണി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കത്തീഡ്രലിലെ മണികൾ ഉരുക്കി പീരങ്കിയുണ്ടകൾ നിർമിച്ചു.
1804: നെപ്പോളിയൻ ചക്രവർത്തി ദേവാലയം ആരാധനയ്ക്കായി വിട്ടുകൊടുത്തു. ചക്രവർത്തിയുടെ കിരീടധാരണം ഈ ദേവാലയത്തിൽ നടത്തി.
1831: വിക്തോർ യൂഗോയുടെ നോട്ടർഡാമിലെ കൂനൻ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നു. അക്കാലമായപ്പോഴേക്ക് ദേവാലയം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കൂനൻ ക്വാസിമോന്തോയുടെ കഥ ദേവാലയ പുനരുദ്ധാരണത്തിലേക്ക് ജനശ്രദ്ധ ആകർഷിച്ചു.
1844: ദേവാലയ പുനരുദ്ധാരണം ആരംഭിച്ചു. ഴാങ് ബപ്തീസ്ത് ലാസൂസും യൂജീൻ എമ്മാനുവലും നേതൃത്വം നൽകി.
1905: ദേവാലയം ഫ്രഞ്ച് സർക്കാർ ഏറ്റെടുത്തു. ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു.
1909: ജോവാൻ ഓഫ് ആർകിനെ പത്താം പിയൂസ് മാർപാപ്പ ഈ ദേവാലയത്തിൽവച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
1944 ഓഗസ്റ്റ്: ജർമൻ പിടിയിൽനിന്നു പാരീസ് മോചനം നേടിയതിനു കൃതജ്ഞതാബലി നോട്ടർഡാം കത്തീഡ്രലിൽ. ജനറൽമാരായ ചാൾസ് ഡിഗോളും ഫിലിപ്പ് ലെക്ലറും പങ്കെടുത്തു.
1991: നോട്ടർ ഡാം കത്തീഡ്രൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ.
2012-13: കത്തീഡ്രലിന്റെ 850-ാം വാർഷികം.
നോട്ടർഡാം കത്തീഡ്രൽ: നാഴികക്കല്ലുകൾ
12:55 AM Apr 17, 2019 | Deepika.com