കൊച്ചി: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിറ്റി ഇൻഫോടെക് ഇൻഫോ പാർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ നിർവഹിച്ചു. യൂണിറ്റി ഇൻഫോടെക് മാനേജിംഗ് ഡയറക്ടർ രാജേഷ് മോഹൻ, ഡയറക്ടർമാരായ ശ്രീധരൻ വെങ്കിട്ടരാമൻ, ബൈജു സെബാസ്റ്റ്യൻ, ബെന്നി തോമസ്, അരുണ്‍ വാരിയത്ത്, ഇൻഫോപാർക്ക് മാർക്കറ്റിംഗ് മാനേജർ അരുണ്‍ രാജീവൻ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
പേയ്മെന്റ് സിസ്റ്റം, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, മൊബിലിറ്റി സ്റ്റാഫിംഗ് തുടങ്ങിയ മേഖലകളിൽ കന്പനികളെ സഹായിക്കുന്ന സോഫ്റ്റ്വെയർ വികസനമാണ് യൂണിറ്റി ഇൻഫോടെക്കിന്റെ പ്രവർത്തന മേഖല. 7000 ചതുരശ്ര അടിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ 75 ഐടി വിദഗ്ധരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഗൾഫ് മേഖലയിലെ ഐടി കന്പനികൾക്കു കേരളത്തിലേക്കും പ്രവർത്തനം വ്യാപിക്കുന്നതിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും യൂണിറ്റി ഇൻഫോടെക് പോലെ അതിവേഗം വളരുന്ന കൂടുതൽ കന്പനികൾ ഇൻഫോപാർക്കിലേക്ക് എത്തുമെന്നും ഋഷികേശ് നായർ പറഞ്ഞു.
ഇൻഫോ പാർക്കിൽ യൂണിറ്റി ഇൻഫോടെക് പ്രവർത്തനമാരംഭിച്ചു
12:55 AM Apr 17, 2019 | Deepika.com