ലണ്ടൻ: ജാമ്യം എടുത്തു മുങ്ങി ഏഴു വർഷമായി ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിയുകയായിരുന്ന വിക്കിലീക്സ് വെബ്സൈറ്റ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ ബ്രിട്ടീഷ് പോലീസ് ഇന്നലെ അറസ്റ്റ്ചെയ്തു. ഇക്വഡോർ അംബാസഡർ ആവശ്യപ്പെട്ടതനുസരിച്ച് സ്കോട്ലൻഡ് യാർഡ് പോലീസ് എംബസിക്കുള്ളിൽ കയറി അസാൻജിനെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു .
അസാൻജിന്റെ അഭയം റദ്ദാക്കിയതായി ഇക്വഡോർ പ്രസിഡന്റ് ലെനിൻ മൊറീനോ വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. മറ്റു രാഷ്ട്രങ്ങളുടെ കാര്യത്തിൽ ഇടപെടരുതെന്ന നിർദേശം അസാൻജ് ലംഘിച്ചെന്നു പ്രസിഡന്റ് വിശദീകരിച്ചു. ഓസ്ട്രേലിയക്കാരനായ അസാൻജിന് അനുവദിച്ച ഇക്വഡോർ പൗരത്വവും റദ്ദാക്കി.
പ്രതിരോധ രഹസ്യങ്ങൾ ഉൾപ്പെട്ട ഫയലുകൾ പുറത്തുവിട്ട് അമേരിക്കയെ വെള്ളം കുടിപ്പിച്ച അസാൻജിനെ വിചാരണയ്ക്കു വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ വെസ്റ്റ് മിനിസ്റ്റർ കോടതിയിൽ ഹാജരാക്കിയ അസാൻജിനെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു. മേയ് രണ്ടിനു സൗത്ത്വാർക്ക് ക്രൗൺകോടതി ഇനി കേസ് പരിഗണിക്കും. ജാമ്യവ്യവസ്ഥ ലംഘിച്ചതിനു 12 മാസം വരെ തടവാണു ശിക്ഷ. അമേരിക്ക പുറപ്പെടുവിച്ച എക്സ്ട്രാഡിഷൻ വാറന്റ് പ്രകാരമുള്ള അറസ്റ്റും ഇതോടൊപ്പം രേഖപ്പെടുത്തിയിട്ടുള്ളതായി സ്കോട്ലൻഡ് യാർഡ് അറിയിച്ചു.
യുഎസിന്റെ അതീവരഹസ്യ വിവരങ്ങൾ അടങ്ങിയ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യാൻ ചെൽസിയാ മാനിംഗിനൊപ്പം അസാൻജ് ശ്രമിച്ചെന്നാണ് ആരോപണം.
ഓസ്ട്രേലിയൻ പൗരനായ അസാൻജിനെതിരേ 2010ൽ സ്വീഡനിൽ രണ്ടു ലൈംഗിക പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യുകയും അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിക്കിലീക്സ് യുഎസ് പ്രതിരോധരഹസ്യങ്ങൾ പുറത്തുവിട്ടതിനു പിന്നാലെയായിരുന്നിത്.
ഈ കേസുകളിൽ അസാൻജ് ബ്രിട്ടീഷ് പോലീസിനു കീഴടങ്ങുകയും അദ്ദേഹത്തിനു ജാമ്യം ലഭിക്കുകയും ചെയ്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച അസാൻജ് അറസ്റ്റിലാകുമെന്ന ഘട്ടത്തിൽ 2012 ജൂണിൽ ഇക്വഡോർ എംബസിയിൽ അഭയം തേടുകയായിരുന്നു. അസാൻജ് പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യാനായി ബ്രിട്ടീഷ് പോലീസ് ഏഴു വർഷം എംബസിക്കു വെളിയിൽ കാവൽ നിന്നു.
ഇതിനിടെ, സ്വീഡനിലെ കേസുകൾ റദ്ദാക്കപ്പെട്ടു. എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ച കേസിൽ അസാൻജിന്റെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നു ബ്രിട്ടൻ വ്യക്തമാക്കി.
ഇക്വഡോർ അധികൃതരും അസാൻജും തമ്മിലുള്ള ബന്ധം മോശമായതാണ് അറസ്റ്റിനു വഴിതെളിച്ചത്. 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഇ-മെയിലുകൾ പുറത്തുവിട്ടതടക്കമുള്ള വിക്കിലീക്സിന്റെ നടപടികൾ ഇക്വഡോറിന് സ്വീകാര്യമായില്ല.
ജൂലിയൻ അസാൻജിനെ അറസ്റ്റ്ചെയ്തു
11:11 PM Apr 11, 2019 | Deepika.com