ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്ന ഇലക്ട്രിക് വാഹനപ്രചാരണ പദ്ധതിയായ ഫെയിം 2ന് പുതിയ നിബന്ധനകളുമായി കേന്ദ്രസർക്കാർ. പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കു മാത്രമേ ഇൻസെന്റീവ് നല്കൂ എന്നാണ് പുതിയ തീരുമാനം. മൂന്നു വർഷ കാലാവധിയുള്ള ഫെയിം 2ന് 10,000 കോടി രൂപയാണ് ഇൻസെന്റീവ് നല്കുന്നതിനായി വകയിരുത്തിയിട്ടുള്ളത്.
എക്സ് ഫാക്ടറി വില അഞ്ചു ലക്ഷം രൂപയുള്ള അഞ്ചു ലക്ഷം ഇ-റിക്ഷകൾക്ക് 50,000 രൂപ വീതമാണ് ലഭിക്കുക. 15 ലക്ഷം രൂപ വരെ വിലയുള്ള 35,000 ഇലക്ട്രിക് കാറുകൾക്ക് 1.5 ലക്ഷം രൂപ വീതം ലഭിക്കും.
ഇൻസെന്റീവിനായി അപേക്ഷിക്കുന്പോൾ വാഹനം സ്വകാര്യ ഉപയോഗത്തിനല്ല എന്ന് ഡീലർ ഉറപ്പുവരുത്തണമെന്ന് ഫെയിം 2ന്റെ നിബന്ധനകളിൽ പറയുന്നു. എന്നാൽ, ഇരുചക്ര വാഹനങ്ങൾക്കുള്ള ഇൻസെന്റീവ് സ്വകാര്യ ഉപയോഗത്തിനാണെങ്കിലും ലഭ്യമാകും. ഇത് ഡീലർതന്നെ ക്ലെയിം ചെയ്യണം.
മുച്ചക്ര റിക്ഷകൾ, കാറുകൾ, ബസ് മുതലായ വാഹനങ്ങൾ പൊതുഗതാഗതത്തിന് അല്ലെങ്കിൽ വാണിജ്യാവശ്യത്തിന് മാത്രമാണെങ്കിലേ ഇൻസെന്റീവ് ലഭിക്കൂ.
ഫെയിം 2 പദ്ധതി: ഇൻസെന്റീവ് പൊതുഗതാഗതത്തിനുള്ള വാഹനങ്ങൾക്കു മാത്രം
10:53 PM Mar 25, 2019 | Deepika.com