ലണ്ടൻ: ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ലണ്ടനിൽ ജനങ്ങൾ തെരുവിലിറങ്ങി.ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു വാദിക്കുന്നവരാണു മാർച്ച് സംഘടിപ്പിച്ചത്. പാർലമെന്റിനു മുന്നിലൂടെ നടന്ന മാർച്ചിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു.
ബ്രെക്സിറ്റ് തീയതി മാർച്ച് 29ൽനിന്ന് മേയ് 22 ലേക്കു നീട്ടാൻ യൂറോപ്യൻ യൂണിയൻ സമ്മതിച്ചിട്ടുണ്ട്. പക്ഷേ ബ്രെക്സിറ്റ് കരാർ ഇതിനകം ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിക്കണം. പ്രധാനമന്ത്രി തെരേസാ മേ യുടെ നേതൃത്വത്തിൽ തയാറാക്കിയ കരാർ ബ്രിട്ടീഷ് പാർലമെന്റ് രണ്ടു വട്ടം തള്ളിയിരുന്നു.
പ്രധാനമന്ത്രിപദം രാജിവയ്ക്കാൻ മേയ്ക്കുമേൽ സ്വന്തം പാർട്ടിയിൽനിന്നു ശക്തമായ സമ്മർദമുണ്ട്. ഇക്കാര്യത്തിൽ മേയ്ക്ക് അന്ത്യശാസനം നല്കാൻ ചില മന്ത്രിമാരും എംപിമാരും ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബ്രെക്സിറ്റ്: രാജിവയ്ക്കാൻ മേയ്ക്കുമേൽ സമ്മർദം
12:43 AM Mar 25, 2019 | Deepika.com