മുംബൈ: ഫോണുകളിലും ടാബുകളിലും ഉപയോഗിക്കാൻ പുതിയ ഒപ്പറേറ്റിംഗ് സിസ്റ്റവുമായി ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ വാവെ. അമേരിക്കൻ സർക്കാരും വാവെയും തമ്മിൽ വ്യാപാരതർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ കന്പനിയായ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആൻഡ്രോയ്ഡ് ഒഎസ് ഉപയോഗിക്കുന്നതിൽനിന്നു വാവെയെ വിലക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഈ സാഹചര്യം മുന്നിൽക്കണ്ടാണ് വാവെയുടെ നീക്കം. “ആളുകൾക്ക് ആൻഡ്രോയിഡ് ഒഎസിനോടുള്ള പ്രിയം വ്യക്തമായി അറിയാം. അതിനാൽത്തന്നെ തങ്ങളുടെ ഉപകരണങ്ങൾ ആൻഡ്രോയിഡിൽ തന്നെയാകും പ്രവർത്തിക്കുക. അതേസമയം, അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ തങ്ങൾ മറ്റൊരു ഒഎസ് കൂടി അവതരിപ്പിക്കുകയാണ്.
ഏറ്റവും അനിവാര്യമായ സാഹചര്യത്തിൽ ഉപയോഗിക്കാൻവേണ്ടി മാത്രമാണിത് - വാവെ വക്താവ് പറഞ്ഞു. ദേശീയസുരക്ഷാ ഭീഷണിയുയർത്തുന്ന കന്പനിയായാണ് അമേരിക്ക വാവെയെ കാണുന്നത്. സുരക്ഷാഭീഷണി ആരോപിച്ചു കന്പനിക്കെതിരേ നിരവധി കേസുകളും അമേരിക്ക ഫയൽ ചെയ്തിട്ടുണ്ട്. തങ്ങളുടെ ഉത്പന്നങ്ങൾ വിലക്കിയതിനെതിരേ വാവെ അമേരിക്കൻ സർക്കാരിനെതിരേയും കേസ് നൽകിയിട്ടുണ്ട്.
പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി വാവെ
11:16 PM Mar 16, 2019 | Deepika.com