തൃശൂർ: തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഫ്ലെക്സ് ബോർഡുകൾ നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കെത്രീഎ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വാഗതംചെയ്തു. കൊച്ചിയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജയിംസ് വളപ്പില അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജു മേനോൻ, ട്രഷറർ രാം പ്രസാദ് തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
മനുഷ്യന് അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതിക്ക് ആഘാതവുമേൽപ്പിക്കുന്ന പിവിസി (പോളി വിനൈൽ ക്ലോറൈഡ്) ഫ്ലെക്സ് നിരോധനം ഹൈക്കോടതിയുടെ കാലോചിതമായി ഏറ്റവും മികച്ച ഉത്തരവുകളിലൊന്നാണെന്ന് യോഗം വിലയിരുത്തി.
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ബോർഡുകൾ സ്ഥാപിക്കുന്നവർ തദ്ദേശ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥലങ്ങൾ ഉപയോഗിക്കുന്നവർ സ്ഥലമുടമയുടെയും രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണമെന്ന കളക്ടറുടെ ഉത്തരവിനെയും കെത്രീഎ സ്വാഗതംചെയ്തു.
ഫ്ലെക്സ് നിരോധനം സ്വാഗതാർഹം: കെത്രീഎ സംസ്ഥാന സെക്രട്ടേറിയറ്റ്
11:10 PM Mar 15, 2019 | Deepika.com