ഓട്ടോസ്പോട്ട് / ഐബി
ടാറ്റാ മോട്ടോഴ്സിന്റെ ബ്രിട്ടീഷ് ആഡംബര ബ്രാൻഡ് ആയ ലാൻഡ് റോവർ ഓഫ് റോഡിംഗ് വാഹനങ്ങൾക്കാണ് ഏറെ പ്രാധാന്യം നല്കിയിരിക്കുക. മികച്ച സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വവും യാത്രാസുഖവും നല്കുന്ന വിധത്തിലാണ് ലാൻഡ് റോവർ തങ്ങളുടെ റേഞ്ച് റോവർ വാഹനനിര ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ലാൻഡ് റോവർ വാഹനങ്ങളെ പരിചയപ്പെടുത്തുന്നതിനായി ദി എബോവ് ആൻഡ് ബിയോണ്‍ഡ് ടൂർ എന്ന പേരിൽ പ്രചാരണ പരിപാടി ജാഗ്വാർ ആൻഡ് ലാൻഡ് റോവർ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിൽ തൊടുപുഴയിലെ മലനിരകളിലുള്ള റബർ പ്ലാന്റേഷനിലായിരുന്നു എബോവ് ആൻഡ് ബിയോണ്‍ഡ് ടൂർ സംഘടിപ്പിച്ചത്. പരിപാടിയിൽ ഡ്രൈവ് ചെയ്ത ലാൻഡ് റോവറിന്റെ കോംപാക്ട് എസ്യുവിയായ റേഞ്ച് റോവർ ഇവോക്കെയുടെ സാങ്കേതികവിദ്യകൾ പരിചയപ്പെടാം...
അവാർഡ് വിന്നിംഗ് ഡിസൈൻ: റേഞ്ച് റോവർ ഇവോക്കെ 5-ഡോർ, കണ്‍വെർട്ടബിൾ ബോഡി സ്റ്റൈലുകളിലാണുള്ളത്. ഫൈഡ് ഡോർ ലൈനപ്പിൽ അഞ്ചു വേരിയന്റുകളുണ്ട്. ഫ്ലോട്ടിംഗ് റൂഫ്, റൈസിംഗ് വെൽറ്റ് ലൈൻ, അത്ലറ്റിക് രൂപം എന്നിവ വാഹനത്തെ ആകർഷകമാക്കുന്നു.
ഇൻകണ്ട്രോൾ സിസ്റ്റം: ലാൻഡ് റോവറിന്റെ നെക്സ്റ്റ് ജനറേഷൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായ ഇൻകണ്ട്രോൾ ടച്ച് പ്രോ ആണ് റേഞ്ച് റോവർ ഇവോക്കെയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇൻജെനിയം പെട്രോൾ എൻജിൻ: 4 സിലിണ്ടർ 2.0 ലിറ്റർ എസ്ഐ4 പെട്രോൾ എൻജിനാണ് കരുത്ത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സ്റ്റാൻഡാർഡ് മോഡൽ മുതലുണ്ട്.
ടെറൈൻ റെസ്പോണ്‍സ്: ലാൻഡ് റോവർ വാഹനങ്ങളുടെ പ്രധാന പ്രത്യേകതയാണ് റോഡിന്റെ നിലവാരം അനുസരിച്ച് വാഹനത്തിന്റെ പ്രവർത്തനം അഡ്ജസ്റ്റ് ചെയ്യാം എന്നുള്ളത്. ഇതിനായി നാല് ടെറെയ്ൻ റെസ്പോണ്‍സ് സെറ്റിംഗുകളാണുള്ളത്. സാധാരണ നിരത്തുകൾക്കായി ജനറൽ ഡ്രൈവിംഗ്, പുല്ലും ചരലും മഞ്ഞും നിറഞ്ഞ പാതകൾക്കായി ഗ്രാസ് ഗ്രാവൽ സ്നോ ഓപ്ഷനും ചെളി നിറഞ്ഞ പാതകളിൽ മഡ് ആൻഡ് റട്ട്സ് ഓപ്ഷനും മണലിൽ സാൻഡ് ഓപ്ഷനും തെരഞ്ഞെടുക്കാം. പാതയ്ക്കനുസരിച്ച് വാഹനത്തിന്റെ എൻജിൻ ട്രാൻസ്മിഷനുകൾ അഡ്ജസ്റ്റ് ചെയ്യാനാണിവ. കൂടാതെ ഡ്രൈവിംഗ് സുഖം മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹനത്തിന് ട്രാക്ഷൻ കണ്ട്രോളും മെച്ചപ്പെടും.
ഓൾ ടെറെയ്ൻ പ്രോഗ്രസ് കണ്ട്രോൾ അഥവാ എടിപിസി: വാഹനത്തിന് ഒരു വേഗം നിശ്ചയിച്ച് നല്കുന്ന ഈ സംവിധാനം ക്രൂയിസ് കണ്ട്രോൾ സിസ്റ്റത്തിന് സമാനമായി പ്രവർത്തിക്കുന്നു. മണിക്കൂറിൽ 1.8 കിലോമീറ്റർ വേഗം മുതൽ 30 കിലോമീറ്റർ വേഗം വരെ ഈ സംവിധാനമുപയോഗിച്ച് നിജപ്പെടുത്താം. അതായത് ദുർഘടമായ പാതിയിലൂടെയുള്ള യാത്രയിൽ വേഗം നിജപ്പെടുത്തിയാൽ ഡ്രൈവർക്ക് സ്റ്റിയറിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതി.
എടിപിസി ആക്ടിവേറ്റ് ചെയ്താൽ സ്റ്റിയറിംഗ് വീലിലെ +/- ക്രൂയിസ് കണ്ട്രോൾ ബട്ടണ്‍ ഉപയോഗിച്ചാണ് വേഗം അഡ്ജസ്റ്റ് ചെയ്യുന്നത്. വേഗം കൂട്ടണമെങ്കിൽ ആക്സിലറേറ്റർ ഉപയോഗിച്ചാൽ മതി.
ഡ്രൈവർ അസിസ്റ്റൻസ് ഹെഡ്ലാന്പ്: ഫുൾ എൽഇഡി ഹെഡ്ലൈറ്റ് രാത്രികാഴ്ച കൂടുതൽ സുഗമമാക്കുന്നു. സ്റ്റിയറിംഗ് തിരിവ് അനുസരിച്ച് പ്രകാശം വശങ്ങളിലേക്ക് ഓട്ടോമാറ്റിക് ആയി ക്രമീകരിക്കുകയും ചെയ്യും.
വാഹനത്തിനു ചുറ്റും പാർക്കിംഗ് സഹായികൾ: പാർക്ക് അസിസ്റ്റ്, 360 ഡിഗ്രി പാർക്കിംഗ് എയിഡ്, സറൗണ്ട് കാമറ സിസ്റ്റം, സെൻസറുകൾ എല്ലാം വാഹനം പാർക്ക് ചെയ്യാൻ സഹായിക്കുന്നു.
സുരക്ഷ: സുരക്ഷയാണ് റേഞ്ച് റോവർ ഇവോക്കെയുടെ മുഖമുദ്ര. ഡൈനമിക് സ്റ്റബിലിറ്റി കണ്ട്രോൾ, റോൾ സ്റ്റബിലിറ്റി കണ്ട്രോൾ, സീറ്റ് ബെൽറ്റ് പ്രീടെൻഷനേഴ്സ്, ഡ്രൈവർ ആൻഡ് പാസഞ്ചർ എയർബാഗ്, ഡ്രൈവർ നീ എയർബാഗ്, സൈഡ് കർട്ടൻ എയർബാഗുകൾ.
സ്റ്റോപ്/സ്റ്റാർട്ട്: വാഹനം സഞ്ചരിക്കുന്നില്ലെങ്കിൽ എൻജിൻ തനിയെ ഓഫ് ആകും. ബ്രേക്ക് പെഡലിൽനിന്ന് കാലെടുത്താൽ ഓണ്‍ ആകുകയും ചെയ്യും. ഇന്ധന ഉപയോഗവും കാർബണ്‍ ഡയോക്സൈഡ് പുറന്തള്ളലും കുറയ്ക്കാൻ ഇത് സഹായിക്കും.
സുരക്ഷിതമായി മലകയറാൻ റേഞ്ച് റോവർ
12:18 AM Feb 24, 2019 | Deepika.com