കൊച്ചി: വാർധക്യകാലത്തെ വെല്ലുവിളികൾ നേരിടുന്നതിനും സാന്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുമായി റിട്ടയർമെന്റ് പ്ലാനിംഗ് യൗവനത്തിൽ തന്നെ തുടങ്ങണമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസും എച്ച്ഡിഎഫ്സി എഎംഎസിയും സംയുക്തമായി സണ്‍സെറ്റ് ഇയേർസ് എന്ന പേരിൽ കേരളത്തിലെ സാമൂഹ്യ- സാന്പത്തിക പ്രശ്നങ്ങളെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ അഭിപ്രായപ്പെട്ടു. റിട്ടയർമെന്റ് കാലത്തെ സാന്പത്തിക സുരക്ഷിതത്വം ഏതെല്ലാം രീതിയിൽ കൈവരിക്കാമെന്നും അതിന് എന്തെല്ലാം രീതിയിലുള്ള മാർഗങ്ങളും നിക്ഷേപ പദ്ധതികളുമാണ് അവലംബിക്കേണ്ടത് എന്നതിനെക്കുറിച്ചും സെമിനാറിൽ ചർച്ചകൾ നടന്നു.
ഹോട്ടൽ മാരിയറ്റിൽ നടന്ന സെമിനാർ സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഉദ്ഘാടനം ചെയ്തു. വൃദ്ധരുടെ പരിചരണം കേവലം ചാരിറ്റി പ്രവർത്തനങ്ങൾ മാത്രമാക്കാതെ കേരളത്തിൽ സാന്പത്തികാഭിവൃദ്ധിയുള്ള ഒരു മാതൃകയാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളം പ്രായമായവരുടെ സമൂഹമായി വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുയാണെന്ന് ജിയോജിത് മാനേജിംഗ് ഡയറക്ടർ സി.ജെ. ജോർജ് പറഞ്ഞു. ജനസംഖ്യാ നിരക്കിലെ മാറ്റങ്ങളും പ്രായമുള്ളവർ നേരിടുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിൽ ഏയ്ജിംഗ് ഓഫ് ഇന്റർനാഷണൽ സോഷ്യോളജി അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രഫ. ജേക്കബ് ജോണ്‍ കട്ടക്കയം പ്രബന്ധം അവതരിപ്പിച്ചു.
ജിയോജിത്ത് സെമിനാറിൽ വിപുലമായ ചർച്ച
12:18 AM Feb 24, 2019 | Deepika.com