തിരുവനന്തപുരം: പ്രളയാനന്തര ഖാദി മേഖലയ്ക്കു കൈത്താങ്ങായി ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെയും ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം നാഗന്പടത്തുള്ള സ്പോർട്സ് കൗണ്‍സിൽ ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങുന്ന ഖാദി എക്സപോ 2019 (ഖാദി ഗ്രാമ വ്യവസായ പ്രദർശനം) ന്റെ ലോഗോ പ്രദർശനം ധന മന്ത്രി ഡോ. തോമസ് ഐസക് നിർവഹിച്ചു. ചടങ്ങിൽ ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ സംസ്ഥാന ഡയറക്ടർ കെ.പി. ലളിതാമണി സംബന്ധിച്ചു.
ഖാദി എക്സ്പോ -2019 28ന് ആരംഭിച്ച് മാർച്ച് 14ന് സമാപിക്കും. മേളയിൽ കേരളത്തിന് അകത്തും പുറത്തുമുള്ള ഖാദി സ്ഥാപനങ്ങളും നൂറോളം സ്റ്റാളുകളും ഉണ്ടായിരിക്കും. ഖാദി സിൽക്ക്, കോട്ടണ്‍ സാരികൾ, ചുരിദാർ, കുർത്തകൾ, കരകൗശല ഗ്രാമീണ ഉത്പന്നങ്ങൾ, ഷർട്ടുകൾ തുടങ്ങിയവ മേളയുടെ ഭാഗമാകും. മാർച്ച് മൂന്നിനു 6.30ന് ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഫാഷൻ ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഖാദി ഫാഷൻ ഷോ, ആറിനു രാവിലെ 10നു വനിതാ ദിനാചരണം, സ്കൂൾ കുട്ടികൾക്കായി ക്രമീകരിച്ചിരിക്കുന്ന ദേശഭക്തി ഗാനം, ചിത്രരചനാ മത്സരങ്ങൾ, കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം വ്യവസായ സംരംഭകത്വ ബോധവത്്കരണ സെമിനാറുകൾ, സൗജന്യ സ്കിൽ ഡെവലപ്മെന്റ് പരിപാടികൾ, ഫലവൃക്ഷ തൈകളുടെയും അലങ്കാര ചെടികളുടെയും പ്രദർശനം, തേൻ ഉത്പന്നങ്ങൾ, ചന്ദന ഉത്പന്നങ്ങൾ, നാടൻ പഞ്ഞി മെത്തകൾ തുടങ്ങിയ നിരവധി സ്റ്റാളുകളാണു മേളയിൽ ക്രമീകരിച്ചിരിക്കുന്നത്.
ഖാദി എക്സ്പോ - 2019: ലോഗോ പ്രകാശനം ചെയ്തു
12:28 AM Feb 22, 2019 | Deepika.com