വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയയുടെ ആണവനിരായുധീകരണമാണ് ആത്യന്തിക ലക്ഷ്യമെങ്കിലും ഇക്കാര്യത്തിൽ ധൃതിയൊന്നുമില്ലെന്നു ട്രംപ്. അടുത്തയാഴ്ച ചെയർമാൻ കിമ്മുമായി രണ്ടാമത്തെ ഉച്ചകോടി നടത്തുകയാണ്. എന്തു സംഭവിക്കുമെന്നു കാണാം-ട്രംപ് റിപ്പോർട്ടർമാരോടു പറഞ്ഞു.
ഹാനോയിലെ നിർദിഷ്ട ഉച്ചകോടിയെക്കുറിച്ച് ദക്ഷിണ കൊറിയൻപ്രസിഡന്റ് മൂൺ ജേ ഇന്നുമായി താൻ ടെലഫോണിൽ ചർച്ച നടത്തിയെന്നും ട്രംപ് അറിയിച്ചു. ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമായും ഉച്ചകോടിക്കാര്യം ചർച്ച ചെയ്യുമെന്നു ട്രംപ് വ്യക്തമാക്കി.
ജൂണിലെ സിംഗപ്പൂർ ഉച്ചകോടിക്കുശേഷം ഉത്തരകൊറിയ പിന്നീട് ആണവ പരീക്ഷണം നടത്തിയിട്ടില്ല. എന്നാൽ നിലവിലുള്ള ആണവായുധങ്ങൾ കൈയൊഴിയുന്ന കാര്യത്തെക്കുറിച്ച് ഉറപ്പും നൽകിയിട്ടില്ല.
ആണവ നിരായുധീകരണം: ധൃതിയില്ലെന്നു ട്രംപ്
12:52 AM Feb 21, 2019 | Deepika.com