വാഷിംഗ്ടൺ ഡിസി: മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരേ 16 യുഎസ് സസംസ്ഥാനങ്ങൾ കോടതിയിൽ.
കലിഫോർണിയ, ന്യൂയോർക്ക്, കോളറാഡോ, ഡെലാവർ, ഹവായി, ഇല്ലിനോയ്, മെയിൻ, മേരിലാൻഡ്, മിഷിഗൺ, മിന്നസോട്ട, നെവാഡ, ന്യൂ ജഴ്സി, ന്യൂ മെക്സിക്കോ, ഒറേഗോൺ, വിർജീനിയ എന്നീ സംസ്ഥാനങ്ങളാണ് ഹർജിയുമായി വിവിധ കോടതികളിൽ എത്തിയത്.
എല്ലാ സംസ്ഥാനങ്ങളിലും ഡെമോക്രാറ്റിക് ഗവർണർമാരാണു ഭരണം നടത്തുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ നിയമസഭകളിലും ഡെമോക്രാറ്റുകൾക്കാണു ഭൂരിപക്ഷം. നികുതിദായകരുടെ പണം ഉപയോഗിച്ച് മതിൽനിർമിക്കുന്നതിൽ നിന്ന് ട്രംപിനെ അടിയന്തരമായി വിലക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
മതിൽനിർമാണത്തിന് ആവശ്യപ്പെട്ട പണം ഇടക്കാല ധനവിനിയോഗ ബില്ലിൽ ഉൾപ്പെടുത്താൻ പ്രതിപക്ഷ ഡെമോക്രാറ്റുകൾ സമ്മതിക്കാതിരുന്നതിനെത്തുടർന്നാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നികുതിദായകരുടെ പണം വകമാറ്റി ചെലവഴിക്കാനുള്ള സൗകര്യമാണ് ട്രംപിന് ഇതിലൂടെ കൈവന്നത്.
യുഎസിലെ അടിയന്തരാവസ്ഥ : 16 സംസ്ഥാനങ്ങൾ കോടതിയിലേക്ക്
12:26 AM Feb 20, 2019 | Deepika.com