സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ട്രോളിനു പിന്നാലെ ആമസോണിലും ഫ്ലിപ്കാർട്ടിലും വെറുതെ ഒന്നു കയറി നോക്കിയതാ... കണ്ണുതള്ളിപ്പോയി! വാട്ടുകപ്പയ്ക്ക് കിലോഗ്രാമിന് 200 രൂപ! പുരയിടത്തിൽ കപ്പ നട്ടുവളർത്തി വാട്ടി ഉണങ്ങി നാട്ടിൽത്തന്നെ വിറ്റാൽ പ്രദേശമനുസരിച്ച് കിലോഗ്രാമിന് 50-75 രൂപ വിലയുള്ളപ്പോഴാണ് ബ്രാൻഡ് ചെയ്ത് ഓൺലൈൻ സ്ഥാപനങ്ങളിലൂടെ ഉപയോക്താക്കളെ തേടുന്നത്. പുതിയൊരു വില്പനമാർഗമാണെങ്കിലും കപ്പ കണ്ടു വളരുന്ന കേരളീയർ അത് പുച്ഛിച്ചുതള്ളുന്നത് ഉത്പന്ന റിവ്യൂകളിൽ കാണാനുമുണ്ട്.
ഫ്ലിപ്കാർട്ടിൽ ഒരു കിലോഗ്രാം ഉണക്കുകപ്പ (വാട്ടുകപ്പ) വാങ്ങണമെങ്കിൽ 191 രൂപ നല്‍കണം. 599 രൂപ എംആർപിയുള്ള ഉത്പന്നം 68 ശതമാനം വിലക്കുറവോടെയാണ് ഇവിടെ ലഭിക്കുന്നത്. എത്തിച്ചുതരാൻ 35 രൂപ അധികം നല്‍കുകയും വേണം. ഇതേ ഉത്പന്നം ആമസോണിൽ എത്തിയാൽ അല്പം വിലക്കുറവുണ്ട്. 800 ഗ്രാമിന് 145 രൂപ വില വരും. 199 രൂപ എംആർപിയുള്ളത് 27 ശതമാനം ഓഫറിലാണ് വിൽക്കുന്നത്. ഡെലിവറി ചാർജ് 45 രൂപ. എന്നാൽ, 250 ഗ്രാമിന് 200 രൂപയ്ക്കു മുകളിൽ വിലയിട്ടിരിക്കുന്ന സെല്ലർമാരെയും ഇവിടെ കാണാം.
കൂടാതെ 500 ഗ്രാം ഉപ്പേരിക്കപ്പയ്ക്ക് 240 രൂപയാണ് ആമസോണിലെ വില. ഇത് 16 ശതമാനം ഇളവോടെ 200 രൂപയ്ക്ക് വാങ്ങാം. 80 രൂപ ഡെലിവറി ചാർജും നല്‍കേണ്ടിവരും.
പച്ചക്കപ്പയും ആമസോണിൽ ലഭിക്കും. കിലോഗ്രാമിന് വില 499 രൂപ. തിങ്കളാഴ്ച 14 ശതമാനം വിലക്കുറവിൽ 429 രൂപയായിരുന്നു ആമസോൺവില. എന്നാൽ, ഇന്നലെ അത് 84 ശതമാനം ഇളവോടെ 79 രൂപയായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഡെലിവറി ചാർജ് 259 രൂപ വരും. ആർക്കും വേണ്ടാതെ ഉപേക്ഷിച്ച ചിരട്ട കോക്കനട്ട് ഷെൽ കപ്പ് എന്ന പേരിൽ 1000 രൂപയ്ക്കു മുകളിൽ ആമസോണിൽ എത്തിയത് നേരത്തെ വാർത്തയായിരുന്നു.
ഹന്പടാ കപ്പേ...
12:25 AM Feb 20, 2019 | Deepika.com