മുംബൈ: എസാർ സ്റ്റീൽ, ഇപിസി എന്നിവയ്ക്കു ശേഷം മറ്റൊരു എസാർ സ്ഥാപനംകൂടി ലക്ഷ്യമിട്ട് ആർസലോർ മിത്തൽ. ഇത്തവണ എസാർ പവർ ലിമിറ്റഡിന്റെ മഹാൻ പവർ പ്രോജക്ടാണ് ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ ഉത്പാദകന്റെ ലക്ഷ്യം. കടക്കെടണിയിലായ മഹാൻ പ്ലാന്റിന് പ്രൊമോട്ടർമാർ വാഗ്ദാനം ചെയ്ത 3500 കോടി രൂപയിലും 37 ശതമാനം അധികം തുകയാണ് മിത്തൽ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് പവർ ഫിനാൻസ് കോർപറേഷൻ (പിഎഫ്സി) വ്യക്തമാക്കി.
ഒരു മെഗാവാട്ടിന് നാലു കോടി രൂപ വീതമാണ് 1200 മെഗാവാട്ട് ശേഷിയുള്ള മധ്യപ്രദേശിലെ മഹാൻ പദ്ധതിക്ക് മിത്തൽ നല്കാമെന്ന് ഏറ്റിരിക്കുന്നതെന്ന് പിഎഫ്സി ചെയർമാനും എംഡിയുമായ രാജീവ് ശർമ പറഞ്ഞു. മഹാൻ പദ്ധതിയിലൂടെ 7500 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്, പവർ ഫിനാൻസ് കോർപ് എന്നീ ധനകാര്യസ്ഥാപനങ്ങൾക്ക് ലഭിക്കാനുള്ളത്.
പദ്ധതിക്ക് പവർ പർച്ചേസ് എഗ്രിമെന്റോ ഫ്യുവൽ സപ്ലൈ എഗ്രിമെന്റോ ഇല്ല. ബാങ്കുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി 3,500 കോടി രൂപയാണ് എസാർ ഗ്രൂപ്പിന്റെ പ്രൊമോട്ടോർമാർ വാഗ്ദാനം ചെയ്തത് എന്നാൽ, 4800 കോടി രൂപയാണ് മിത്തൽ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ശർമ പറഞ്ഞു. 1000 കോടി രൂപയാണ് പിഎഫ്സി മഹാൻ പദ്ധതിക്ക് വായ്പ നല്കിയിരിക്കുന്നത്.
എസാർ പവറിനെ നോട്ടമിട്ട് ആർസലോർ മിത്തൽ
12:25 AM Feb 20, 2019 | Deepika.com