നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സ് കഴിഞ്ഞ മാസം 22ന് ഇറക്കിയ വിജ്ഞാപനം അനുസരിച്ച് ചെറുകിട വ്യാവസായിക യൂണിറ്റുകൾക്ക് അന്നേ ദിവസംവച്ച് 45 ദിവസത്തിൽ കൂടുതൽ പഴക്കമുള്ള പണം നല്കാനുള്ള എല്ലാ കന്പനികളും പ്രസ്തുത വിജ്ഞാപന തീയതി മുതലുള്ള 30 ദിവസത്തിനകം രജിസ്ട്രാർ ഓഫ് കന്പനീസ് ഓഫീസിൽ എംഎസ്എംഇ ഫോം 1 ൽ ഇലക്ട്രോണിക് ആയി റിട്ടേണുകൾ ഫയൽ ചെയ്യേണ്ടതുണ്ട്. അതായത് ബുധനാഴ്ചയ്ക്കു മുന്പ് നല്കാനുള്ള തുകയുടെ ലിസ്റ്റ് സമർപ്പിച്ചിരിക്കണം. 45 ദിവസത്തെ പഴക്കത്തിന് ജനുവരി 22 എന്ന തീയതിയാണ് കണക്കിലെടുക്കുന്നത്.
2018 നവംബർ രണ്ടിന് കേന്ദ്ര ഗവണ്മെന്റ് അർധവാർഷിക റിട്ടേണുകൾ ഫയൽ ചെയ്യണമെന്ന് വിജ്ഞാപനം ഇറക്കിയിരുന്നു. (വിജ്ഞാപനം എസ്.ഒ. 5622 (ഇ) തീയതി 02/11/2018)അതനുസരിച്ച് ചെറുകിട വ്യവസായികളുടെ പക്കൽനിന്നും ചരക്കുകൾ വാങ്ങുകയോ സേവനം സ്വീകരിക്കുകയോ ചെയ്യുന്ന കന്പനികൾ പ്രസ്തുത ഇടപാടുകളുടെ പണം 45 ദിവസങ്ങൾക്കകം കൊടുത്തില്ലെങ്കിൽ അതിന്റെ വിവരങ്ങൾ അർധവാർഷിക റിട്ടേണുകൾ വഴി ഗവണ്മെന്റിനെ അറിയിക്കേണ്ടതുണ്ട്.
ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലെ പ്രസ്തുത റിട്ടേണ് ഒക്ടോബർ 31 ന് മുന്പും ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെയുള്ള റിട്ടേണുകൾ ഏപ്രിൽ 30 ന് മുന്പും സമർപ്പിക്കേണ്ടതുണ്ട്. ഇതിന് എംഎസ്എംഇ ഫോം 1 തന്നെയാണ് ഉപയോഗിക്കേണ്ടത്. ഇവിടെ ചെറുകിട വ്യവസായങ്ങളുടെ സപ്ലൈയുടെയും സേവനത്തിന്റെയും 45 ദിവസത്തിൽ കൂടുതൽ പഴക്കമുള്ള പണത്തിന്റെ കണക്കുകൾ മാത്രമാണ് ചോദിച്ചിരിക്കുന്നത്. മീഡിയം സ്കെയിൽ ഇൻസ്ട്രീസിനെ ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധാർഹമാണ്.
ചെറുകിട വ്യവസായങ്ങളുടെ തരംതിരിക്കൽ
പ്ലാന്റ് ആൻഡ് മെഷീനറീസിനു വേണ്ടി 25 ലക്ഷം രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾ നടത്തിയാൽ അങ്ങനെയുള്ള വ്യവസായങ്ങൾ മൈക്രോ എന്റർപ്രൈസസ് എന്നും 25 ലക്ഷം മുതൽ അഞ്ചു കോടി വരെയുള്ള നിക്ഷേപങ്ങൾ നടത്തിയാൽ അവ സ്മോൾ എന്റർ പ്രൈസസ് എന്നും അഞ്ചു കോടി മുതൽ 10 കോടി വരെയുള്ള നിക്ഷേപങ്ങൾ നടത്തിയാൽ അവ മീഡിയം എന്റർപ്രൈസസ് എന്നും ആണ് അറിയപ്പെടുന്നത്. മുകളിൽ സൂചിപ്പിച്ച വിവരങ്ങൾ ഉത്പാദകമേഖലയിലെ നിക്ഷേപങ്ങളെപ്പറ്റിയാണ്. സേവനമേഖലയിലാണെങ്കിൽ പ്ലാന്റ് ആൻഡ് മെഷിനറീസിൽ 10 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ നടത്തിയാൽ അവയെ മൈക്രോ എന്റർപ്രൈസസ് ആയും 10 ലക്ഷത്തിനു മുതൽ രണ്ടു കോടിവരെയുള്ള നിക്ഷേപങ്ങൾ നടത്തിയാൽ അവ സ്മോൾ എന്റർപ്രൈസസ് ആയുമാണ് കണക്കാക്കുന്നത്.
എംഎസ്എംഇ ഫോം 1ൽ സൂചിപ്പിക്കേണ്ട കാര്യങ്ങൾ
ബുധനാഴ്ചയ്ക്കു മുന്പ് ഫയൽ ചെയ്യേണ്ട ആദ്യ റിട്ടേണായ എംഎസ്എംഇഫോം 1ൽ ജനുവരി 22ന് ചെറുകിട വ്യവസായങ്ങൾക്ക് കൊടുക്കാനുള്ളതും 45 ദിവസത്തിൽ കൂടുതൽ പഴക്കം ചെന്നതുമായ ആകെ തുകകളുടെ വിവരങ്ങളും സപ്ലൈയർമാരുടെ പേരുകളും പാൻ നന്പറും തുക കുടിശിഖയായ തീയതിയും താമസത്തിനുള്ള കാരണങ്ങളുമാണ് സൂചിപ്പിക്കേണ്ടത്.
ഏതൊക്കെ കന്പനികളാണ് ഫയൽ ചെയ്യേണ്ടത്
പ്രൈവറ്റ് എന്നോ പബ്ലിക് എന്നോ ഗവണ്മെന്റ് കന്പനി എന്നോ വ്യത്യാസം ഇല്ലാതെ എല്ലാ കന്പനികളും ചെറുകിട വ്യവസായികൾ നടത്തിയ സപ്ലൈക്കും സേവനങ്ങൾക്കുമുള്ള പ്രതിഫലത്തുക 45 ദിവസങ്ങൾക്കകം നല്കിയില്ലെങ്കിൽ അവയുടെ വിശദീകരണങ്ങൾ അർധവാർഷിക റിട്ടേണുകളിൽ സൂചിപ്പിക്കണം. ഇതിന് ചെറുകിട വ്യവസായ യൂണിറ്റുകൾ എംഎസ്എംഇ രജിസ്ട്രേഷൻ എടുക്കുകയും അവരുടെ പക്കൽ എംഎസ്എംഇ സർട്ടിഫിക്കറ്റ് ഉണ്ടാകുകയും ചെയ്യണം. ഈ സർട്ടിഫിക്കറ്റിന്റെ കോപ്പി ഇടപാട് നടത്തുന്ന കന്പനിക്ക് നല്കിയിരിക്കണം.
ഇനി ഏതെങ്കിലും കാരണവശാൽ ചെറുകിട യൂണിറ്റും കന്പനിയും തമ്മിൽ 60 ദിവസത്തെ ക്രെഡിറ്റ് ഫസിലിറ്റിക്ക് കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും അവയ്ക്ക് നിയമസാധുത ഇല്ലാത്തതിനാൽ 45 ദിവസത്തിൽ കൂടുതൽ പഴക്കം ചെന്ന പണം നല്കാനുണ്ടെങ്കിൽ പ്രസ്തുത കന്പനികൾ റിട്ടേണുകൾ സമർപ്പിക്കണം. എംഎസ്എംഇ നിയമമനുസരിച്ച് സപ്ലൈയുടെയും സേവനത്തിന്റെയും പണം 45 ദിവസത്തിനകം കന്പനി സെറ്റിൽ ചെയ്തിരിക്കണം. 45 ദിവസത്തിൽ കൂടുതൽ കാലതാമസം കന്പനി വരുത്തിയാൽ അവയ്ക്ക് ബാങ്ക് റേറ്റിന്റെ മൂന്നിരട്ടി നിരക്കിൽ കൂട്ടുപലിശ നല്കേണ്ടതുമുണ്ട്. കന്പനിയും ചെറുകിട വ്യവസായ യൂണിറ്റും തമ്മിൽ എന്തെങ്കിലും തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ അവർക്ക് സംസ്ഥാനഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗണ്സിൽ മുന്പാകെ പരാതി സമർപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ
മുകളിൽ സൂചിപ്പിച്ച റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ കന്പനിയുടെ മേൽ 25,000 രൂപ വരെയുള്ള പിഴയും ഡയറക്ടർമാരുടെയും ചീഫ് ഫിനാൻഷൽ ഓഫീസറുടെ മേലും സെക്രട്ടറിയുടെയും മേൽ 25,000 രൂപ മുതൽ മൂന്നു ലക്ഷം രൂപവരെയുള്ള പിഴയും വേണമെങ്കിൽ ആറു മാസം വരെയുള്ള തടവിനും ശിക്ഷിക്കപ്പെടാം.
കന്പനികൾ ചെറുകിട യൂണിറ്റുകൾക്ക് പണം നല്കാനുണ്ടോ?
12:53 AM Feb 18, 2019 | Deepika.com