കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയ കേരളത്തിലെ ജനങ്ങൾക്കായി സൗജന്യ മെഡിക്കൽ അസിസ്റ്റൻസ്/മെഡിക്കൽ ചെക്കപ്പ് നല്കുന്നു. ഹലോ ആരോഗ്യം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വൈദ്യസഹായം തൊട്ടടുത്ത് ലഭ്യമല്ലെന്ന് കണ്ടെത്തിയ 10 മേഖലകളിലാണ് സംഘടിപ്പിക്കുന്നത്. കുട്ടമ്പുഴ, മാനന്തവാടി, ചാലിയാർ, മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ക്യാന്പ് തുടങ്ങി.
എറണാകുളം ജനറൽ ആശുപത്രിയിൽവച്ചു നടന്ന ചടങ്ങിൽ കുട്ടമ്പുഴയിലെ (എറണാകുളം ജില്ല) ആരോഗ്യകേന്ദ്രത്തിൽനിന്നുള്ള ടെലി കാർട്ട് വീഡിയോ കോൾ സ്വീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ. കുട്ടപ്പൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
തത്സമയ രോഗനിർണയത്തിനൊപ്പം ഹലോ ആരോഗ്യം പദ്ധതി എങ്ങനെയായിരിക്കും കേരളത്തിന്റെ വിവിധ മേഖലകളിൽ നടപ്പാക്കുന്നതെന്ന് വിശദീകരിക്കുന്ന ഡെമോയും പ്രദർശിപ്പിച്ചു. മെഡിക്കൽ ക്യാന്പ് നടക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് സൗജന്യമായി മെഡിക്കൽ ക്യാംപിൽ പങ്കെടുക്കാം. റെറ്റിനോപ്പതി സ്ക്രീനിംഗ്, കാർഡിയോളജി, ഗ്യാസ്ട്രോ എന്ററോളജി, യൂറോളജി, ന്യൂറോളജി, ഒപ്ത്താൽമോളജി, ഗ്യാസ്ട്രോ മെഡിസിൻ, ഓങ്കോളജി തുടങ്ങി എല്ലാ വിഭാഗങ്ങളിലും മെഡിക്കൽ ക്യാന്പിൽ എത്തുന്നവർക്ക് സഹായം ലഭിക്കും.
ഹലോ ആരോഗ്യം പദ്ധതിയുമായി വോഡഫോൺ ഐഡിയ
11:05 PM Feb 12, 2019 | Deepika.com