നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
2019 ജനുവരി 22ൽ ഗവണ്മെന്റ് ഇറക്കിയ വിജ്ഞാപനമനുസരിച്ച് ഇന്ത്യയിൽ ഗവണ്മെന്റ് കന്പനികൾ ഒഴികെയുള്ള എല്ലാ കന്പനികളും 2014 ഏപ്രിൽ ഒന്നു മുതൽ 2019 ജനുവരി 22 വരെ ലഭിച്ചിട്ടുള്ളതും 2019 ജനുവരി 22ൽ കൊടുക്കാൻ നിലനിൽക്കുന്നതും കന്പനി ഡെപ്പോസിറ്റുകൾ എന്ന നിർവചനത്തിൽപ്പെടാത്തതുമായി സ്വീകരിക്കപ്പെട്ടിട്ടുള്ള എല്ലാ പണത്തിന്റെയും വിവരങ്ങൾ പ്രസ്തുത വിജ്ഞാപനത്തിന്റെ തീയതി മുതൽ 90 ദിവസത്തിനകം രജിസ്ട്രാർ ഓഫ് കന്പനീസിൽ ഫയൽ ചെയ്യണം. അത് 2019 ഏപ്രിൽ 22ന് മുന്‍പായി ഡിപിറ്റി-3 എന്ന ഫോമിൽ ഇലക്ട്രോണിക് ആയി ഫയൽ ചെയ്തിരിക്കണം.
റിപ്പോർട്ട് ചെയ്യപ്പെടേണ്ട വിവരങ്ങൾ
1) ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും സ്വീകരിച്ചതും 2019 ജനുവരി 22ൽ നിലനിൽക്കുന്നതുമായ എല്ലാ വായ്പാ ഇടപാടുകളും.
2) ഗവണ്മെന്റിൽനിന്നും സ്വീകരിച്ച പണം.
3) വിദേശഗവണ്മെന്റിൽനിന്നോ വിദേശധനകാര്യസ്ഥാപനങ്ങളിൽനിന്നോ വിദേശകന്പനികളിൽനിന്നോ ഏതെങ്കിലും വിദേശ ഏജൻസികളിൽനിന്നോ സ്വീകരിച്ച പണം.
4) ഇന്ത്യയിലുള്ള മറ്റു കന്പനികളിൽനിന്നും സ്വീകരിച്ച പണം.
5) കന്പനിയുടെ നിലവിലുള്ള ഡയറക്ടർമാരിൽനിന്നോ പണം സ്വീകരിച്ച സമയത്ത് ഡയറക്ടർമാർ ആയിരുന്നവരുടെ പക്കൽനിന്നോ സ്വീകരിച്ച തുകകൾ.
6) ഡയറക്ടർമാരുടെ ബന്ധുക്കളിൽനിന്നു സ്വീകരിച്ച പണം.
7) ഓഹരികൾക്കുവേണ്ടി മുൻകൂർ നിക്ഷേപിച്ചിട്ടുള്ള പണം.
8) കന്പനിയിലെ ജോലിക്കാരുടെ പക്കൽനിന്നു വാങ്ങിയിട്ടുള്ള പണം.
9) ബിസിനസിന്റെ ആവശ്യത്തിന് വേണ്ടി ഡെപ്പോസിറ്റുകൾ ആയി വാങ്ങിയ തുകകൾ.
10) കന്പനിയിൽനിന്നു വസ്തുക്കൾ വാങ്ങുന്നതിന്നുവേണ്ടി മുൻകൂർ അഡ്വാൻസ് ആയി സ്വീകരിച്ച പണം.
11) കന്പനികൾ കമേഴ്സിയൽ പേപ്പർ ഇറക്കി സ്വീകരിച്ച പണം.
12) ബോണ്ടുകളും ഡിബഞ്ചറുകളും ഇറക്കി സ്വീകരിച്ച പണം.
മുകളിൽ സൂചിപ്പിച്ചതും എന്നാൽ കന്പനി ഡെപ്പോസിറ്റ് എന്ന ഹെഡിൽ വരില്ലാത്തതും 22-01-2019ൽ നിലനിൽക്കുന്നതുമായ എല്ലാ പണമിടപാടുകളുടെയും വിവരങ്ങളാണ് രജിസ്ട്രാർ മുന്‍പാകെ സമർപ്പിക്കേണ്ടത്.
മുകളിൽ സൂചിപ്പിച്ച റിട്ടേണ്‍ ഫയൽ ചെയ്യുന്നതിൽനിന്നും ഗവണ്മെന്റ് കന്പനികളെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. ഇതിനുള്ള ഫോം എംസിഎ.ജിഒവി.ഇൻ എന്ന പോർട്ടലിൽനിന്നും ലഭിക്കും. കന്പനിയുടെ മൂലധനത്തെ അടിസ്ഥാനമാക്കി 200 രൂപ മുതൽ 600 രൂപ വരെയുള്ള ഫയലിംഗ് ഫീസും ഒപ്പം നല്‍കേണ്ടതുണ്ട്.
കന്പനികൾ സ്വീകരിച്ചിട്ടുള്ള ഡെപ്പോസിറ്റുകളുടെ റിട്ടേണുകൾ ഡിപിറ്റി-3 എന്ന ഫോമിൽ 2019 ജൂൺ 30ന് മുന്‍പായി രജിസ്ട്രാർ മുന്‍പാകെ ഫയൽ ചെയ്യേണ്ടതാണ്.
22-01-2019ൽ നിലനില്‍ക്കുന്ന എല്ലാ ലോണുകളുടെയും സ്വീകരിക്കപ്പെട്ടിട്ടുള്ള എല്ലാ അഡ്വാൻസുകളുടെയും (ഡെപ്പോസിറ്റുകൾ ഒഴികെ) വിവരങ്ങളാണ് നല്‍കേണ്ടത്. ഇവ തയാറാക്കുന്നതിനുവേണ്ടി കന്പനികൾ അവയുടെ കണക്കുകൾ 22-01-2019 എന്ന തീയതിവച്ച് ഫൈനലൈസ് ചെയ്യേണ്ടതായി വരും. പ്രസ്തുത റിട്ടേണുകൾ സമർപ്പിക്കുന്നതിൽനിന്നും നോണ്‍ ബാങ്കിംഗ് ഫിനാൻഷ്യൽ കന്പനികളെയും ഒഴിവാക്കിയിട്ടില്ല.
ഡിപിറ്റി-3 റിട്ടേണ്‍ എല്ലാ വർഷവും ഫയൽ ചെയ്യേണ്ടതുണ്ടോ?
വിജ്ഞാപനം അനുസരിച്ച് പ്രസ്തുത റിട്ടേണുകൾ എല്ലാ വർഷവും ഫയൽ ചെയ്യേണ്ടതില്ല എന്നാണ് സൂചിപ്പിക്കുന്നത്.
2014 ഏപ്രിൽ ഒന്നിന് ശേഷം സ്വീകരിച്ചതും എന്നാൽ 22-01-2019 ന് മുന്‍പ് ക്ലോസു ചെയ്യപ്പെട്ടതുമായ ലോണുകളുടെയും അഡ്വാൻസുകളുടെയും മറ്റും വിവരങ്ങൾ പ്രസ്തുത ഫോമിൽ നല്‍കേണ്ടതില്ല.
ഡിപിറ്റി - 3 കന്പനികൾ സ്വീകരിച്ച പണത്തെപ്പറ്റിയുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം
12:29 AM Feb 11, 2019 | Deepika.com