വാഷിംഗ്ടൺ ഡിസി: യുഎസിലെ ഒരു മാസം പിന്നിട്ട ട്രഷറി സ്തംഭനം ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ താളം തെറ്റിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും പണം ലഭിക്കുന്നില്ലെന്ന് എഫ്ബിഐ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടോം ഒ’കോണർ പറഞ്ഞു.
രഹസ്യ വിവരം നല്കുന്നവർക്കു പ്രതിഫലം നല്കാൻ കഴിയാത്തത് അന്വേഷണങ്ങളെ ഗുരുതരമായി ബാധിക്കുന്നു. തീവ്രവാദത്തിന് എതിരായ പ്രവർത്തനങ്ങൾവരെ മന്ദഗതിയിലാണ്. ഡിഎൻഎ ടെസ്റ്റിംഗ് മുടങ്ങുന്നു. വാഹനങ്ങളുടെ ടയറുകൾ മാറ്റാൻ പറ്റുന്നില്ല. പ്രിന്ററുകളിൽ ഉപയോഗിക്കുന്ന പേപ്പറിനു പോലും ക്ഷാമമാണ്. ഇതിനു പുറമേയാണ് ശന്പളമില്ലാത്തതുമൂലം ഉദ്യോഗസ്ഥർ നേരിടുന്ന പ്രതിസന്ധി. 13,000 സ്പഷൽ ഏജന്റുമാരാണ് ശന്പളമില്ലാതെ ജോലി ചെയ്യുന്നതെന്ന് ഒ’കോണർ പറഞ്ഞു.
ഡിസംബർ 24നാണ് ട്രഷറി സ്തംഭനം തുടങ്ങിയത്. ഫെഡറൽ സർക്കാരിലെ എട്ടു ലക്ഷം ജീവനക്കാർക്കു ശന്പളമില്ല. മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിന് ഫണ്ട് ഉൾപ്പെടുത്തുന്നതിനെച്ചൊല്ലി ഭരണ, പ്രതിപക്ഷങ്ങൾ തമ്മിലുള്ള തർക്കം മൂലം ഇടക്കാല ധനവിനിയോഗ ബിൽ പാസാക്കാൻ പറ്റാത്തതാണു ട്രഷറി സ്തംഭനത്തിനു കാരണം.
ട്രഷറി സ്തംഭനം: എഫ്ബിഐ പ്രതിസന്ധിയിൽ
12:49 AM Jan 24, 2019 | Deepika.com