വാഷിംഗ്ടൺ : വിപ്ലവ ഇറാനിൽനിന്ന് അതിസാഹസികമായി ആറ് അമേരിക്കൻ നയതന്ത്രജ്ഞരെ 1980ലെ രഹസ്യ ഓപ്പറേഷനിലൂടെ രക്ഷിച്ചുകൊണ്ടുവന്ന സിഐഎ ഉദ്യോഗസ്ഥൻ ടോണി മെൻഡസ്(78) അന്തരിച്ചു. 2014 മുതൽ പാർക്കിൻസൺ രോഗത്തിനു ചികിത്സയിലായിരുന്നു. മേരിലാൻഡിലെ വസതിയിലായിരുന്നു അന്ത്യം.
അമേരിക്കൻ നയതന്ത്രജ്ഞരെ രക്ഷപ്പെടുത്തിയ സംഭവം ആർഗോ 2013 എന്ന സിനിമയിലൂടെ ബെൻ ആഫ്ലെക് വിവരിക്കുന്നുണ്ട്. 1979 നവംബർ നാലിന് തെഹ്റാനിലെ അമേരിക്കൻ എംബസി ആക്രമിച്ച വിപ്ലവകാരികൾ 66 അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെ 444 ദിവസം ബന്ദികളാക്കിയശേഷമാണ് വിട്ടയച്ചത്.
എന്നാൽ ഇവരെക്കൂടാതെ ആറ് ഉദ്യോഗസ്ഥർക്ക് കനേഡിയൻ പൗരന്റെ വസതിയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള ദൗത്യമാണ് ടോണി മെൻഡസ് ഏറ്റെടുത്തത്. സിനിമാ സംഘമെന്ന വ്യാജേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. 1990ൽ സിഐഎയിൽനിന്നു വിരമിച്ച് മെൻഡിസ് ആർട്ട് സ്റ്റുഡിയോ സ്ഥാപിച്ചു. മൂന്ന് ഓർമക്കുറിപ്പുകൾ രചിച്ചിട്ടുണ്ട്.
ടോണി മെൻഡസ് അന്തരിച്ചു
12:28 AM Jan 22, 2019 | Deepika.com