വാഷിംഗ്ടൺ ഡിസി: യുഎസിലെ ട്രഷറി സ്തംഭനം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ പ്രതിപക്ഷ ഡെമോക്രാറ്റുകൾ തള്ളി. രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാർക്കായി ചില വിട്ടുവീഴ്ചകൾക്കു തയാറാണെന്നാണ് ട്രംപ് അറിയിച്ചത്. ഇതിനു പകരമായി മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കാനുള്ള തന്റെ പദ്ധതിക്ക് 570 കോടി ഡോളർ അനുവദിക്കാൻ ഡെമോക്രാറ്റുകൾ തയാറാകണം. എന്നാൽ, ട്രംപിന്റെ വാഗ്ദാനങ്ങളിൽ പുതുമയില്ലെന്ന് ഡെമോക്രാറ്റുകൾ പ്രതികരിച്ചു.
ഡിസംബർ 22ന് ആരംഭിച്ച ട്രഷറി സ്തംഭനം 29 ദിവസം പിന്നിട്ട് റിക്കാർഡ് സൃഷ്ടിച്ചിരിക്കുകയാണ്. എട്ടു ലക്ഷം ഫെഡറൽ സർക്കാർ ജീവനക്കാരാണു ശന്പളമില്ലാതെ വലയുന്നത്.
മതിൽ നിർമാണം ധൂർത്താണെന്നും പണം അനുവദിക്കാനാവില്ലെന്നുമാണ് ഡെമോക്രാറ്റുകളുടെ നിലപാട്. മതിൽനിർമാണത്തിനുള്ള ഫണ്ട് ഉൾപ്പെടുത്തിയ ഇടക്കാല ധനവിനിയോഗ ബിൽ സെനറ്റിൽ പാസാക്കാൻ ഡെമോക്രാറ്റുകൾ സമ്മതിക്കുന്നില്ല. ഡെമോക്രാറ്റുകളെ മറികടന്ന് ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കില്ല. ഇതാണു ട്രഷറി സ്തംഭനത്തിനു കാരണം.
സ്തംഭനത്തിന്റെ ഉത്തരവാദിത്വം ട്രംപിനാണെന്നു യുഎസ് ജനത വിശ്വസിക്കുന്നതായി സർവേകൾ സൂചിപ്പിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണു ട്രംപ് ഒത്തുതീർപ്പു വാഗ്ദാനങ്ങൾ മുന്നോട്ടു വച്ചത്.
കുഞ്ഞുങ്ങളായിരിക്കേ അധധികൃത കുടിയേറ്റക്കാർക്കൊപ്പം യുഎസിലെത്തുകയും എന്നാൽ പൗരത്വം നിഷേധിക്കപ്പെടുകയും ചെയ്തവരെ മൂന്നു വർഷംകൂടി രാജ്യത്തു തുടരാൻ അനുവദിക്കാമെന്നാണു ട്രംപിന്റെ ഒരു വാഗ്ദാനം. ഡ്രീമേഴ്സ് എന്നറിയപ്പെടുന്ന ഇവർ ഏഴു ലക്ഷത്തോളം വരും. മുൻ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന ഡെഫേഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ്(ഡിഎസിഎ) പദ്ധതി പ്രകാരം ഇവർക്ക് തൊഴിലെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. ഈ പദ്ധതി നിർത്തലാക്കി ഇവരെ രാജ്യത്തുനിന്നു പുറത്താക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ കോടതി അനുമതിയോടെ പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്.
ആഭ്യന്തരയുദ്ധം, പ്രകൃതിദുരന്തം തുടങ്ങിയ കാരണങ്ങളാൽ യുഎസിലെത്തിയ അനധികൃത കുടിയേറ്റക്കാർക്ക് മൂന്നു വർഷത്തേക്കുകൂടി വീസ നീട്ടി നല്കാമെന്നാണ് ട്രംപിന്റെ രണ്ടാമത്തെ വാഗ്ദാനം. ടെംപററി പ്രൊട്ടക്ഷൻ സ്റ്റാറ്റസ്(ടിപിഎസ്) ഉള്ള ഇവർ മൂന്നു ലക്ഷം വരും.
ട്രംപിന്റെ വാഗ്ദാനങ്ങൾ ഇവയാണെന്ന് പ്രഖ്യാപനത്തിനു മുന്പേ സൂചനയുണ്ടായിരുന്നു. ഡെമോക്രാറ്റ് നേതാവും ജനപ്രതിനിധി സഭാ സ്പീക്കറുമായ നാൻസി പെലോസി അതിനാൽ, ട്രംപിന്റെ പ്രഖ്യാപനം വരും മുന്പേ ഇവ തള്ളി. ഇവയെല്ലാം മുന്പേ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങളാണെന്ന് അവർ ചൂണ്ടിക്കാട്ടി. സെനറ്റിലെ ഡെമോക്രാറ്റ് നേതാവ് ചക് ഷുമറും ട്രംപിന്റെ വാഗ്ദാനങ്ങൾ പര്യാപ്തമല്ലെന്നു പ്രതികരിച്ചു.
ട്രഷറി സ്തംഭനം: ട്രംപിന്റെ വാഗ്ദാനങ്ങൾ ഡെമോക്രാറ്റുകൾ തള്ളി
12:30 AM Jan 21, 2019 | Deepika.com