വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി അടുത്ത മാസം അവസാനം നടക്കുമെന്നു വൈറ്റ്ഹൗസ് വക്താവ് സാറ്റ സാണ്ടേഴ്സ് അറിയിച്ചു. വേദി നിശ്ചയിച്ചിട്ടില്ല. യുഎസിലെത്തിയ ഉത്തര കൊറിയൻ പ്രതിനിധി കിം യോംഗ് ചോളുമായി ട്രംപ് ഒന്നര മണിക്കൂർ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അറിയിപ്പുണ്ടായത്. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായും ചോൾ കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ജൂണിൽ സിംഗപ്പൂരിലായിരുന്നു ആദ്യ ഉച്ചകോടി. ഭരണത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റും ഉത്തരകൊറിയൻ നേതാവും ആദ്യമായി കൂടിക്കാഴ്ച നടത്തിയതു ചരിത്രമായി. ഉത്തരകൊറിയയുടെ ആണവനിരായുധീകരണം സംബന്ധിച്ച പ്രഖ്യാപനം നടന്ന ഉച്ചകോടിക്കു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കാര്യമായി മെച്ചപ്പെട്ടില്ല.
ട്രംപ് - കിം രണ്ടാം ഉച്ചകോടി ഫെബ്രുവരി അവസാനം
11:39 PM Jan 19, 2019 | Deepika.com