ഓട്ടോസ്പോട്ട് / ഐബി
ഒരു വാഹനത്തെ മറികടക്കുന്പോഴുള്ള അപകടം സമീപകാലത്ത് വർധിച്ചുവരുന്നുണ്ട്. അടുത്തിടെ ചെറു കാർ അപകടത്തിൽപ്പെട്ട് ആറു പേർ മരിച്ചതും ഒരു വാഹനത്തെ മറികടന്നപ്പോൾ എതിരേ വന്ന വാഹനം ഇടിച്ചാണ്. സാവധാനം പൊകുന്ന വാഹനത്തിന് പെട്ടെന്ന് മറ്റൊരു വാഹനത്തെ മറികടക്കണമെങ്കിൽ ഡ്രൈവിംഗ് പാടവം ആവശ്യമാണ്. ശ്രദ്ധിക്കാതെയും പെട്ടെന്നുമുള്ള മറികടക്കലുകളാണ് പലപ്പോഴും വലിയ അപകടങ്ങൾക്കു കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഒരു വാഹനത്തെ മറികടക്കുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
അകലം പാലിക്കണം
മുന്നിലുള്ള വഹനങ്ങളെ തൊട്ടുരുമി എന്നതുപോലെയുള്ള ഡ്രൈവിംഗ് രീതികൾ ഇന്ന് ഏറിയിട്ടുണ്ട്. മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ഉപയോഗിച്ചാൽ പിന്നിലുള്ള വാഹനത്തിന് അതനുസരിച്ച് ബ്രേക്ക് പ്രയോഗിക്കാൻ കഴിഞ്ഞെന്നുവരില്ല. മുന്നിൽ പോകുന്ന വാഹനങ്ങളുടെ പിന്നിൽ ഇടിച്ചുള്ള അപകടവും ഏറിവരുന്നുണ്ട്. വാഹനത്തെ മറികടക്കുന്പോഴും ഈ കരുതൽ വേണം. മുന്നിലുള്ള വാഹനത്തിന് ഏറെ അടുത്തുവന്നതിനുശേഷം മറികടക്കാൻ ശ്രമിക്കരുത്. ഒറ്റവരിപ്പാതയാണെങ്കിലും രണ്ടുവരി പാതയാണെങ്കിലും മുന്നിലുള്ള വാഹനത്തിന് 30 മീറ്ററെങ്കിലും പിന്നിൽനിന്നായിരിക്കണം മറികടക്കേണ്ടത്. മറികടക്കാൻ ശ്രമിക്കുന്പോൾ എതിരേ വാഹനങ്ങൾ വന്നാൽ സുരക്ഷിത സ്ഥാനത്തേക്കു നീങ്ങാൻ ഇത് ഉപകരിക്കും.
കാഴ്ചയ്ക്കനുസരിച്ച് മാത്രം
റോഡ് കൃത്യമായി കാണാൻ കഴിയാതെ മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിക്കരുത്. മുന്നിലുള്ള റോഡ് നന്നായി കണ്ട് എതിരേ വാഹനങ്ങൾ ഇല്ല എന്ന് ഉറപ്പാക്കി മറികടക്കാം.
റിയർവ്യൂ മിററുകൾ നോക്കണം
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനു മുന്പ് റിയർ വ്യൂ മിററുകൾ നോക്കി പിന്നിലുള്ള വാഹനങ്ങളുടെ ഗതി മനസിലാക്കണം. മറ്റു വാഹനങ്ങൾ നിങ്ങളുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നില്ലാ എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം മുന്നിലുള്ള വാഹനത്തെ മറികടക്കാം.
സിഗ്നലുകൾ
ഓവർടേക്ക് ചെയ്യുന്പോൾ വലതുവശത്തേക്കുള്ള ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണം. നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് പിന്നാലെ വരുന്നവർക്ക് തിരിച്ചറിയാൻവേണ്ടിയാണിത്. മാത്രമല്ല, പകൽ ഹോൺ അടിച്ചും രാത്രിയാണെങ്കിൽ ഹെഡ് ലാന്പ് ഫ്ലാഷ് ചെയ്തും മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവറെ മറികടക്കുന്ന വിവരം അറിയിക്കാം. ഒറ്റവരിപ്പാതയിലൂടെയുള്ള യാത്രയിൽ അല്പം വലത്തേക്കു നീങ്ങി മുന്നിലുള്ള റോഡ് കണ്ട് വേഗത്തിന് ആവശ്യമായ ഗിയറിൽ മുന്നോട്ടു പോകാം (ഇന്ധനക്ഷമത പരിഗണിക്കാനുള്ള സമയം ഇതല്ല).
ആപത്തുകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം
മുന്നിലുള്ള വാഹനത്തിനു മുന്നിൽ അപകടസാധ്യതകൾ മറഞ്ഞിരിപ്പില്ലെന്നും ഉറപ്പുവരുത്തണം.
ക്ഷമ വേണം
മുന്നിലൂടെ ഭാരവണ്ടി സാവധാനം നിങ്ങുന്പോൾ പിന്നിലുള്ള ചെറു വാഹനങ്ങളിലെ ഡ്രൈവർമാർ അക്ഷമരാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ക്ഷമ നശിച്ച് മുന്നോട്ടു കുതിക്കാനും ശ്രമിക്കും. പെട്ടെന്നുണ്ടാകുന്ന ഈ രീതിയും അപകടങ്ങൾ വരുത്തിവയ്ക്കും.
മറികടന്നാൽ ഇടത്തേക്ക്
മുന്നിലുള്ള വാഹനത്തെ മറികടന്നുകഴിഞ്ഞാൽ ഇടത്തേക്കുള്ള ഇൻഡിക്കേറ്റർ ഇട്ട് സഞ്ചരിക്കേണ്ട ലൈനിലേക്ക് പ്രവേശിക്കാം.
വേഗം കൂട്ടാം
സിഗ്നൽ ഓഫ് ചെയ്യുക. ഓവർടേക്കിംഗ് പൂർത്തിയാക്കി. ഇനി വാഹനത്തിന്റെ വേഗം കൂട്ടാം.
കരുതലോടെ മറികടക്കാം
11:06 PM Jan 19, 2019 | Deepika.com