കൊച്ചി: കേന്ദ്ര സർക്കാരിന്റെ സ്വർണ നിക്ഷേപ പദ്ധതിയായ സ്വർണ ബോണ്ട് വാങ്ങാൻ 18 വരെ നിക്ഷേപകർക്ക് അപേക്ഷിക്കാം. 22നാണ് അടുത്ത സ്വർണ ബോണ്ട് വിതരണം ചെയ്യുന്നത്.
സ്വർണമായി വാങ്ങാതെ തുല്യ തുകയ്ക്കുള്ള സ്വർണ നിക്ഷേപ സർട്ടിഫിക്കറ്റ് അഥവാ സ്വർണ ബോണ്ട് കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് നല്കുന്ന പദ്ധതിയാണിത്. സ്വർണത്തിന്റെ വിപണിവിലയ്ക്കൊപ്പം നികുതിയില്ലാതെ 2.50 ശതമാനം പലിശകൂടി നിക്ഷേപകനു ലഭിക്കും. ബോണ്ട് കാലാവധി പൂർത്തിയാകുന്ന സമയത്തെ സ്വർണനിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാനും സാധിക്കും.
ജിയോജിത് ഫിനാൻഷൽ സർവീസസിന്റെ ബ്രാഞ്ചുകളിലൂടെ സ്വർണ ബോണ്ട് വാങ്ങാനും വിൽക്കാനും അതിന്മേൽ വായ്പ ലഭ്യമാക്കാനും സാധിക്കുമെന്ന് കന്പനി അധികൃതർ അറിയിച്ചു. കൂടാതെ ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങൾ, തപാൽ ഓഫീസ്, സ്റ്റോക് ഹോൾഡിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ശാഖകൾ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയിലൂടെയും ഗോൾഡ് ബോണ്ട് വാങ്ങാവുന്നതാണ്.
സർക്കാരിന്റെ സ്വർണ ബോണ്ട് 18 വരെ വാങ്ങാം
10:27 PM Jan 14, 2019 | Deepika.com