മസ്കറ്റ്: വിദേശത്തു മരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതു പൂര്‍ണമായും ഇന്ത്യന്‍ സര്‍ക്കാരിന്റെ ചെലവിലും ഉത്തരവാദിത്തത്തിലുമായിരിക്കണമെന്നു കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ്.
മൃതദേഹം തൂക്കിനോക്കി കിലോഗ്രാമിനു തുക നിശ്ചയിക്കുന്നതിനെതിരേ പ്രതിഷേധം വ്യാപകമായപ്പോള്‍ എയര്‍ ഇന്ത്യ ഏകീകൃത നിരക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാലിത് നേരത്തേയുണ്ടായിരുന്ന നിരക്കില്‍ കുറവുണ്ടാക്കുന്നില്ല. വിമാനക്കൂലി മാത്രമല്ല എംബാമിംഗ്, പെട്ടി, ഹാന്‍ഡ്ലിംഗ് ചാര്‍ജ് എന്നിങ്ങനെ വലിയ തുകയാണ് ടിക്കറ്റിനു പുറമേ നല്‍കേണ്ടി വരുന്നതെന്ന് ക്ഷേമനിധി ബോർഡ് ഡയറക്ടര്‍ പി.എം.ജാബിര്‍ പറഞ്ഞു.
മറ്റു രാജ്യങ്ങള്‍ സ്വദേശത്തേക്കു മൃതദേഹങ്ങള്‍ എത്തിക്കുന്നതു രാജ്യത്തിന്റെ ചെലവിലാണ്.
മരണാനന്തര ചടങ്ങുകള്‍ക്കായുള്ള തുകയും കുടുംബത്തിനു നൽകാറുണ്ട്. പ്രവാസികളില്‍ നിന്നു പിരിച്ചെടുക്കുന്നതും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലുള്ളതുമായ തുക ഇതിനായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ബജറ്റിലും തുക വകയിരുത്താറുണ്ട്. കുടുംബ വീസയിൽ ഉൾപ്പെടെ എഴു ലക്ഷത്തോളം മാത്രം ഇന്ത്യക്കാർ വസിക്കുന്ന ഒമാനില്‍ നിന്നു തന്നെ പിരിച്ചെടുത്ത തുക ആറു വര്‍ഷം മുന്‍പത്തെ കണക്കനുസരിച്ചു തന്നെ 1,30,000 ഒമാനി റിയാല്‍ (രണ്ടു കോടി മുപ്പത്താറു ലക്ഷത്തി അറുപതിനായിരം)നീക്കിയിരിപ്പുണ്ടായിരുന്നു.
മൃതദേഹങ്ങള്‍ എല്ലാം സര്‍ക്കാര്‍ ചെലവില്‍ നാട്ടില്‍ എത്തിക്കണമെന്നു ആവശ്യപ്പെടുമ്പോഴും മുഴുവന്‍ പേരുടെയും കാര്യത്തില്‍ അത് ആവശ്യമായി വരില്ലെന്നുള്ളതാണ് വസ്തുത. നല്ലൊരു പങ്കും ഇന്ഷ്വറന്സിന്റെയോ കമ്പനി ചട്ടങ്ങളുടെയോ പരിധിയില്‍ വരുന്നതിനാലാണിത്. ചിലര്‍ പ്രവാസി ഭാരതീയ ബീമാ യോജനയുടെ കീഴിലും വരും.
ഇൻഷ്വറൻസ് പരിരക്ഷ അടിയന്തരാവശ്യം
ഒമാനുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കുന്ന ഇന്ത്യാക്കാർ അടങ്ങുന്ന വിദേശികൾക്ക് നിർബന്ധമായും കമ്പനികൾ പൂർണ ഇൻഷ്വറൻസ് പരിരക്ഷ നല്‍കണമെന്ന ആവശ്യം ദീർഘകാലമായുള്ളതാണ്.
ദുബായ് ഉൾപ്പെടുന്ന യു എഇ യിൽ അവിടുത്തെ ഭരണകൂടം നിയമപരമായി തൊഴിലുടമയെ തൊഴിൽ കരാറിൽ ബാധ്യസ്ഥനാക്കുന്നതിൽ വിജയിച്ചിട്ടുമുണ്ട്. എന്നാൽ മറ്റു രാജ്യങ്ങൾ ഇക്കാര്യത്തിൽ ശുഷ്കാന്തി കാണിക്കുന്നില്ല. ഇന്ത്യക്കാർക്ക് വീസയുടെ കാലാവധി അനുസരിച്ച് വേണ്ടത്ര ഇൻഷ്വറൻസ് പരിരക്ഷ നിർബന്ധമായും കൊടുക്കാനുള്ള സംവിധാനം ഇന്ത്യൻ സർ ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്.
സേവ്യർ കാവാലം
വിദേശത്തു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാർ ചെലവില്‍ നാട്ടിലെത്തിക്കണം
11:42 PM Jan 10, 2019 | Deepika.com