കൊച്ചി: ദുബായ് ഗോൾഡ് ആൻഡ് കമ്മോഡിറ്റിസ് എക്സ്ചേഞ്ച് (ഡിജിസിഎക്സ്) ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷണൽസ് ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഥമ ഗോൾഡ് കണ്വൻഷന് ദുബായ് ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ തുടക്കമായി.
യുഎഇയിലെയും മറ്റു ഭൂഖണ്ഡങ്ങളിലെയും സ്വർണവ്യാപാരരംഗത്തു പ്രവർത്തിക്കുന്നവരുടെ സഹകരണം വർധിപ്പിക്കുക, സ്വർണ വ്യാപരം, നിക്ഷേപം, വ്യവസായ സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോൾഡ് കണ്വൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടം എന്ന നിലയ്ക്ക് ആഫ്രിക്കയും ദുബായിയും തമ്മിലുള്ള സ്വർണവ്യാപാരം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ യുഎഇ - ആഫ്രിക്ക വ്യാപാര സാധ്യതകൾക്കാണ് മുൻഗണന . പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറിലേറെ പ്രതിനിധികളാണ് കണ്‍വൻഷനിൽ പങ്കെടുക്കുന്നത്.
ഐബിഎംസി ഇന്റർനാഷണൽ യുഎഇ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഹാമിദ്, ഡി ജിസി എക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെസ്മേൽ, ഐബിഎംസി ഗ്ലോബൽ നെറ്റ്വർക്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി. കെ സജിത്കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. അടുത്ത ഗോൾഡ് കണ്വൻഷൻ 2020 ഫെബ്രുവരി 20 ന് നടക്കും.
ഡിജിസിഎക്സ് -ഐബിഎംസി ഗോൾഡ് കണ്വൻഷന് തുടക്കമായി
12:56 AM Jan 10, 2019 | Deepika.com