ലോസാഞ്ചലസ്: എഴുപത്തിയാറാമതു ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രമായി ബൊഹേമിയൻ റാപ്സഡിയെ തെരഞ്ഞെടുത്തു. ബ്രിട്ടീഷ് റോക് സംഗീത ട്രൂപ്പായ ക്വീനിന്റെ ഉയർച്ചയുടെ കഥ പ്രതിപാദിക്കുന്ന ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ഡ്രാമ വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്കാരം റാമി മാലെക് സ്വന്തമാക്കി.
മ്യൂസിക്കൽ കോമഡി വിഭാഗത്തിലെ മികച്ച ചിത്രമായി ഗ്രീൻ ബുക്ക് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടൻ (മഹർഷാല അലി) മികച്ച തിരക്കഥ (പീറ്റർ ഫാരിലി, ബ്രയൻ കുറി, നിക്കി വാലെലോംഗ്) എന്നിവയ്ക്കുള്ള പുരസ്കാരവും ഗ്രീൻബുക്കിനാണ്. വൈസ് എന്ന ചിത്രത്തിലൂടെ മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ക്രിസ്റ്റ്യൻ ബെയ്ൽ മികച്ച നടനായി.
ഡ്രാമ വിഭാഗത്തിൽ ഗ്ലെൻ ക്ലോസും കോമഡി വിഭാഗത്തിൽ ഒലിവിയ കോൾമാനുമാണു മികച്ച നടിമാർ. കലിഫോർണിയയിലെ ബവർലി ഹിൽട്ടൺ ഹോട്ടലിൽ ഞായറാഴ്ച നടന്ന പുരസ്കാരചടങ്ങിനിടെ, അവതാരകയായ സാന്ദ്ര ഓയെയും പുരസ്കാരം തേടിയെത്തി. കില്ലിംഗ് ഈവ് എന്ന ടെലിവിഷൻ പരന്പരയിലൂടെ മികച്ച നടിക്കുള്ള പുരസ്കാരമാണ് സാന്ദ്ര സ്വന്തമാക്കിയത്.
മികച്ച ഗാനത്തിനുള്ള (ഒറിജിനൽ സോംഗ്) പുരസ്കാരം ലേഡി ഗാഗയ്ക്കാണ്. ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷനാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഗോൾഡൻ ഗ്ലോബ് : ബൊഹിമിയൻ റാപ്സഡിയും ഗ്രീൻബുക്കും പുരസ്കാര നിറവിൽ
11:52 PM Jan 07, 2019 | Deepika.com