വാഷിംഗ്ടൺ ഡിസി: യുഎസ് പ്രതിരോധ വകുപ്പിന്റെ ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറൽ കെവിൻ സ്വീനി രാജിവച്ചു. 2017ൽ പ്രസിഡന്റ് ട്രംപ് അധികാരമേറ്റതു മുതൽ സ്വീനി പദവി വഹിച്ചുവരികയായിരുന്നു.
സിറിയയിലെ യുഎസ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് തീരുമാനിച്ചതിനുശേഷം രാജിവയ്ക്കുന്ന മൂന്നാമത്തെ മുതിർന്ന ഉദ്യോഗസ്ഥനാണ്. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, ഐഎസിനെതിരായ ആഗോള സഖ്യത്തിൽ യുഎസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന ബ്രെറ്റ് മഗ്ഗുർക്ക് എന്നിവരാണ് മുന്പു രാജിവച്ചത്.
സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് സ്വീനി രാജിക്കത്തിൽ പറയുന്നുണ്ട്. പക്ഷേ കത്തിൽ ട്രംപിനെക്കുറിച്ച് ഒന്നും പരാമർശിച്ചില്ല.
ട്രംപിന്റെ സിറിയയിൽനിന്നുള്ള പിന്മാറ്റ പ്രഖ്യാപനം പ്രതിരോധ, വിദേശ വകുപ്പുകളിൽ വലിയ അനിശ്ചിതത്വം വിതച്ചിരിക്കുകയാണ്. അമേരിക്കയുടെ സഖ്യകക്ഷികളും അസ്വസ്ഥതയിലാണ്.
സ്വീനി രാജിവച്ചു
11:23 PM Jan 06, 2019 | Deepika.com