ന്യൂഡൽഹി: ജനുവരിയിൽ വില ഉയർത്തുന്നതു പ്രമാണിച്ച് വാഹനനിർമാതാക്കൾ വാഹനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു. മാരുതി സുസുകി മുതൽ പ്രീമിയം ബ്രാൻഡ് ആയ ഒൗഡി വരെ വലിയ നിരക്കിളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടന്നുപോയ ഉത്സവകാലയളവിൽ പ്രതീക്ഷിച്ചത്ര വില്പന നേടാനാകാത്തതും ഇളവുകൾ നല്കാൻ കമ്പനികളെ പ്രേരിപ്പിച്ചു.
മാരുതി സുസുകിയുടെ ചെറു വാഹനങ്ങളായ ആൾട്ടോ 800, സെലേറിയോ, വാഗൺ ആർ തുടങ്ങിയവയ്ക്ക് 60,000-80,000 രൂപയും സിയാസിന് 90,000 രൂപ വരെയും മറ്റു മോഡലുകൾക്ക് 50,000 രൂപ വരെയും ഇളവ് ലഭിക്കും. 65,000-90,000 രൂപയാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തങ്ങളുടെ വാഹനങ്ങൾക്കു നല്കുന്ന ഇളവ്. ടാറ്റാ മോട്ടോഴ്സ് ആവട്ടെ 39,000-93,000 രൂപയും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബൊലേറോ, സ്കോർപിയോ മോഡലുകൾക്ക് യഥാക്രമം 40,000 രൂപ, 84,000 രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. കോംപാസിന്റെ മിഡ് വേരിയന്റിൽനിന്ന് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാനുള്ള അവസരമാണ് ജീപ് നല്കുന്നത്.
ഒൗഡി മോഡലുകൾക്ക് 5.5 ലക്ഷം രൂപ മുതൽ 7.4 ലക്ഷം രൂപ വരെയും ഹോണ്ട കാർസ് സൗജന്യ ഇൻഷ്വറൻസും എക്സ്ചേഞ്ച് ബോണസും പ്രഖ്യാപിച്ചു. ടൊയോട്ടയും നിരക്കിളവുകൾ നല്കുന്നുണ്ട്.
വാഹനവിപണിയിൽ വൻ ഇളവുകൾ
01:07 AM Dec 18, 2018 | Deepika.com