ബെർലിൻ: ചോക്ലേറ്റ് ഫാക്ടറിയിൽനിന്നു പുറത്തേക്ക് ഒഴുകിയ ദ്രവരൂപത്തിലുള്ള ചോക്ലേറ്റ് റോഡിൽ ഉറച്ചു കട്ടിയായതിനെത്തുടർന്നു ഗതാഗതം മുടങ്ങി. ജർമൻ പട്ടണമായ വെസ്റ്റെനിൽ തിങ്കളാഴ്ചയാണു സംഭവം. ഫാക്ടറിയിലെ ടാങ്കിൽ നിറച്ചിരുന്ന ചോക്ലേറ്റാണ് ഒഴുകിപ്പരന്നത്. സാങ്കേതിക തകരാറാണു ചോർച്ചയ്ക്കു കാരണമെന്ന് ഫാക്ടറി അധികൃതർ പറഞ്ഞു.
ഒരു ടൺ വരുന്ന ചോക്ലേറ്റ് റോഡിലേക്കൊഴുകി കട്ടപിടിച്ചതോടെ റോഡ് അടച്ചു. അഗ്നിശമനസേനാംഗങ്ങൾ ചൂടുവെള്ളം ഒഴിച്ചും ഷവലിനു കോരിയുമാണു ചോക്ലേറ്റ് നീക്കം ചെയ്തത്.
ചോക്ലേറ്റ് റോഡ്
01:48 AM Dec 13, 2018 | Deepika.com