മോസ്കോ: ആയുധനിയന്ത്രണ ഉടന്പടിയിൽനിന്നു പിന്മാറി നിരോധിത മിസൈലുകൾ വികസിപ്പിക്കാൻ അമേരിക്ക മുതിർന്നാൽ റഷ്യയും അത്തരം മിസൈലുകൾ നിർമിക്കുമെന്നു പ്രസിഡന്റ് പുടിൻ. ഇരു രാജ്യങ്ങളും തമ്മിൽ 1987ൽ ഒപ്പുവച്ച മധ്യദൂര ആണവശക്തി(ഐഎൻഎഫ്) ഉടന്പടി റഷ്യ ലംഘിക്കുകയാണെന്ന് ആരോപിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇക്കാര്യത്തിൽ രണ്ടു മാസത്തിനകം നിലപാടു വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകി. റഷ്യയുടെ മറുപടി തൃപ്തികരമല്ലെങ്കിൽ ഉടന്പടിയിൽനിന്ന് പിന്മാറുമെന്നും പോംപിയോ പറഞ്ഞു.
ഉടന്പടിയിൽനിന്നു പിന്മാറാൻ കാരണം കണ്ടെത്താനാണ് റഷ്യക്കു നേരേ ആരോപണവുമായി യുഎസ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നു ടിവി പ്രസംഗത്തിൽ പുടിൻ പ്രതികരിച്ചു. പല രാജ്യങ്ങളും നിരോധിത മിസൈൽ നിർമിക്കുന്നുണ്ടെങ്കിലും റഷ്യ ഉടന്പടിയിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ അമേരിക്ക ഇത്തരം ആയുധങ്ങളുടെ നിർമാണം പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നു. ഇതിനുള്ള മറുപടി ലളിതമാണ്. അമേരിക്ക മിസൈൽ നിർമിച്ചാൽ ഞങ്ങളും മടിച്ചുനിൽക്കില്ല- പുടിൻ വ്യക്തമാക്കി.
റഷ്യ അടുത്തയിടെ വികസിപ്പിച്ച എസ്എസ് സി-8 ക്രൂസ് മിസൈൽ സംബന്ധിച്ചു കിട്ടിയ തെളിവുകൾ നാറ്റോ യോഗത്തിൽ പോംപിയോ പങ്കുവച്ചു. യൂറോപ്പിൽ മുന്നറിയിപ്പില്ലാതെ ആണവാക്രമണം നടത്താൻ റഷ്യയെ പ്രാപ്തമാക്കുന്നതാണ് ഈ മിസൈൽ സംവിധാനമെന്നു പോംപിയോ ചൂണ്ടിക്കാട്ടി.
മിസൈൽ ഉടന്പടി : യുഎസിന്റെ അന്ത്യശാസനം തള്ളി റഷ്യ
12:50 AM Dec 06, 2018 | Deepika.com