ന്യൂയോർക്ക്: യുവാക്കൾക്ക് ഇന്നൊരു വരുമാനമാർഗമാണ് വീഡിയോ ബ്ലോഗിംഗ്. യുട്യൂബ് അതിനൊരു പ്ലാറ്റ്ഫോമായി നിൽക്കുന്പോൾ മറ്റൊരു ജോലിയും ചെയ്യാതെ വലിയ വരുമാനമുണ്ടാക്കാൻ അവസരം ലഭിക്കും. ചെയ്യേണ്ടത് ഒന്നുമാത്രം നല്ല വീഡിയോകൾ അപ്ലോഡ് ചെയ്യുക. ഇത്തരത്തിൽ യുട്യൂബിൽനിന്ന് നല്ലൊരു തുക വരുമാനം നേടുന്ന നിരവധിപ്പേർ ലോകത്തെന്പാടുമുണ്ട്. അടുത്തിടെ ഫോബ്സ് പുറത്തുവിട്ട വലിയ വരുമാനം നേടുന്ന യുട്യൂബ് താരങ്ങളുടെ പട്ടികയിൽ ഏഴു വയസുകാരനാണ് ഒന്നാമത്; അമേരിക്കക്കാരനായ റയാൻ. കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളാണ് റയാന്റെ ചാനൽ പങ്കുവയ്ക്കുന്നത്.
ഫോബ്സ് മാഗസിൻ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2018ൽ റയാന് യുട്യൂബിൽനിന്നു ലഭിച്ച വരുമാനം 2.22 കോടി ഡോളറാണ്. കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്തായിരുന്നു.റയാന്റെ വരുമാനത്തിന്റെ 96 ശതമാനവും ചാനലിൽ ഓരോ വീഡിയോയ്ക്കു മുന്പിലും വരുന്ന പരസ്യത്തിൽനിന്നാണ്. ശേഷിക്കുന്നവ സ്പോണ്സർ ചെയ്ത പോസ്റ്റുകളിൽനിന്നും. ഏറ്റവും ശ്രദ്ധേയമായ വീഡിയോ കണ്ടത് 93,46,02,459 പേരാണ്.
യുട്യൂബിലെ കളിപ്പാട്ട റിവ്യൂകൾ മുടങ്ങാതെ കാണുകയായിരുന്നു മുന്പ് റയാന്റെ ഇഷ്ട വിനോദം. അവിടെനിന്നാണ് തനിക്കും ഇത്തരത്തിൽ ചെയ്താലെന്തെന്ന് റയാനു തോന്നിയത്. അമ്മയാണ് ചാനൽ തയാറാക്കി നല്കിയത്. 2016ൽ അടുത്തുള്ള കടയിൽനിന്ന് കളിപ്പാട്ടം വാങ്ങി റിവ്യു ചെയ്ത് തുടങ്ങിയതിൽനിന്ന് ഇന്ന് ലോകം ശ്രദ്ധിക്കപ്പെടുന്ന താരമായി വളരാൻ റയാനു കഴിഞ്ഞു.
യുട്യൂബിലെ താരം മാത്രമല്ല റയാൻ, റയാൻസ് വേൾഡ് എന്ന ബ്രാൻഡ്കൂടി സ്വന്തമായുണ്ട്. കളിപ്പാട്ട ബ്രാൻഡ് ആയ റയാൻസ് വേൾഡ് വാൾമാർട്ടിലൂടെയാണ് കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്നത്. 2017ൽ ഒന്നാം സ്ഥാനത്തായിരുന്ന ഡാനിയേൽ മിഡിൽടണ് 2018ൽ മൂന്നാം സ്ഥാനത്താണ്. കായികാവലോകനമാണ് ഇദ്ദേഹം ചെയ്യുന്നത്.
യുട്യൂബിൽനിന്നുള്ള വരുമാനം: ഏഴു വയസുകാരൻ ഒന്നാമത്
12:30 AM Dec 05, 2018 | Deepika.com