കൊച്ചി: ഡൽഹി-മുംബൈ വ്യവസായ ഇടനാഴി വികസന കോർപറേഷൻ (ഡിഎംഐസിഡിസി) ലോജിസ്റ്റിക്സ് ഡേറ്റ സർവീസിന്റെ (ഡിഎൽഡിഎസ്) കണ്ടെയ്നർ ട്രാക്കിംഗ് സേവനങ്ങൾ കൊച്ചി തുറമുഖത്തും. രാജ്യത്തിന്റെ തെക്കുകിഴക്കൻ ഇടനാഴിയിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണു കൊച്ചി തുറമുഖത്തെയും പരിധിയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ഒന്നു മുതൽ ചെന്നൈ, വിശാഖപട്ടണം, കൃഷ്ണപട്ടണം എന്നിവിടങ്ങളിലും സേവനം നിലവിൽ വന്നിരുന്നു. ഇതോടെ ഏകജാലക ട്രാക്കിംഗ് സംവിധാനമായ ലോജിസ്റ്റിക്സ് ഡേറ്റ ബാങ്ക് (എൽഡിബി) ഈ തുറമുഖങ്ങളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി.
കൊച്ചികൂടി ഉൾപ്പെട്ടതോടെ എൽഡിബി സേവനങ്ങൾ രാജ്യത്തെ ഏഴു തുറമുഖങ്ങളിലെ 15 ടെർമിനലുകളിൽ ലഭ്യമായിത്തുടങ്ങി. ഇതോടനുബന്ധിച്ചു നടന്ന ഉദ്ഘാടനചടങ്ങിൽ ഡിഎംഐസിഡിസി സിഇഒയും എംഡിയുമായ അൽകേഷ് കെ. ശർമ, കൊച്ചി പോർട്ട് ട്രസ്റ്റ് ചെയർപേഴ്സണ് ഡോ. എം. ബീന, ഡിഎൽഡിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുരജിത് സർക്കാർ, കൊച്ചി ഐസിടിടി ഡിപിഡബ്ല്യു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രവീണ് തോമസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചിയിൽ എൽഡിബി പ്രവർത്തനം ആരംഭിച്ചതോടെ അതിന്റെ പ്രവർത്തനത്തിലെ സുതാര്യതയും ദൃശ്യതയും വ്യക്തമാകുമെന്നു അൽകേഷ് കെ. ശർമ്മ പറഞ്ഞു. വിതരണ ശൃംഖലയിലെ എല്ലാവർക്കും ഈ സംരംഭത്തിന്റെ ഗുണം ലഭ്യമാകും. ഉദ്യമം രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ടെയ്നറുകളുടെ ട്രാക്കിംഗ് സേവനങ്ങൾ വിതരണ ശൃംഖലയിലെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുടെ മികവ് ഉയർത്തുമെന്ന് ഡോ. ബീന അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏറ്റവും തിരക്കുള്ള തുറമുഖങ്ങളിലൊന്നായ കൊച്ചിയിൽ എൽഡിബി സംവിധാനം ഉപയോഗപ്പെടുത്തുന്നതോടെ ചരക്കു കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാകും. ഇതു ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്യുമെന്നും അവർ പറഞ്ഞു.
രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയിൽ ഗതിമാറ്റുന്നതിനു കഴിയുന്ന സാങ്കേതികവിദ്യയെന്നറിയപ്പെടുന്ന എൽഡിബിയുടെ കണ്ടെയ്നർ ട്രാക്കിംഗ് സംവിധാനം ഇന്ത്യയിലെ വ്യാപാര രംഗത്തിനു കരുത്തു പകരുന്നതാണ്. കയറ്റുമതി, ഇറക്കുമതി കണ്ടെയ്നറുകൾ സമയനഷ്ടമില്ലാതെ കണ്ടെത്താനും ചരക്കുനീക്കത്തിനുള്ള സമയം കുറയ്ക്കാനും ഈ സംവിധാനം സഹായകമായിട്ടുണ്ട്.
കണ്ടെയ്നർ ട്രാക്കിംഗ് സേവനങ്ങൾ കൊച്ചി തുറമുഖത്തും
11:09 PM Nov 17, 2018 | Deepika.com