ന്യൂഡൽഹി: അയച്ച മേസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ‘അണ്‍സെൻഡ്’സംവിധാനം ഫേസ്ബുക്ക് മെസഞ്ചറിലുമെത്തുന്നു. ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സാപ്പിൽ സമാന ഫീച്ചർ അവതരിപ്പിച്ചതുമുതൽ മെസഞ്ചറിലും ഇത്തരത്തിലുള്ള ഫീച്ചർ വേണമെന്ന ആവശ്യമുയർന്നിരുന്നു. ‘അണ് സെൻഡ്’ ഫീച്ചർ ഫേസ്ബുക്ക് അധികൃതർ ഉടൻതന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫീച്ചർ പ്രകാരം മെസേജുകൾ അയച്ചയാളുടെയും സ്വീകരിച്ചയാളുടെയും ഇൻബോക്സിൽനിന്നു ഡിലീറ്റ് ചെയ്യാനാകും.
എന്നാൽ, മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 10 മിനിറ്റ് മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. അതായത് അയച്ച മെസേജുകൾ 10 മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്തില്ലെങ്കിൽ പിന്നീട് ഡിലീറ്റ് ചെയ്യാനാകില്ല. മെസേജിൽ ടാപ് ചെയ്ത് ഹോൾഡ് ചെയ്താൽ അണ്‍സെൻഡ് ഓപ്ഷൻ പ്രവർത്തിപ്പിക്കാനാകും. കൊളംബിയ, ബൊളീവിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലാകും പുതിയ ഫീച്ചർ ഫേസ്ബുക്ക് ആദ്യം പ്രഖ്യാപിക്കുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
മെസഞ്ചറിലും ഡിലീറ്റ് ഫോർ എവരിവണ്‍
11:17 PM Nov 16, 2018 | Deepika.com