നെടുമ്പാശേരി: ശബരിമല തീർഥാടകര്‍ക്ക് സഹായമൊരുക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൗണ്ടര്‍ തുടങ്ങി. ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് ശബരിമല കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സന്നിധാനത്തുനിന്ന് ലഭിക്കുന്ന അപ്പം, അരവണ എന്നീ പ്രസാദങ്ങള്ക്കുവേണ്ടിയും നെയ്യഭിഷേകത്തിനുവേണ്ടിയുമുള്ള കൂപ്പണുകള്‍ ഈ കൗണ്ടറില്‍നിന്നു വാങ്ങാവുന്നതാണ്. തീർഥാടകര്‍ക്കാവശ്യമായ നിർദേശങ്ങളും കൗണ്ടറില്‍ ലഭിക്കും. സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, ഹെഡ്-എച്ച്ആര്‍ ജയ രാജന്, സിഐഎസ്എഫ് സീനിയര്‍ കമാൻഡാന്റ് എം. ശശികാന്ത്, ധനലക്ഷ്മി ബാങ്ക് റീജണല്‍ ഹെഡ് പി. രാജേഷ്, ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചി വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍
11:26 PM Nov 13, 2018 | Deepika.com