തൃശൂർ: കേരളത്തിലെ മുഴുവൻ മാധ്യമ സ്ഥാപനങ്ങളും ചേർന്നൊരുക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവി(ജികെഎസ്യു)ന്റെ പ്രചാരണാർഥമുള്ള റോഡ് ഷോകൾക്കു മണ്ണുത്തിയിൽ തുടക്കമായി. മണ്ണുത്തി ഇസാഫ് ഓഫിസിനു മുന്പിൽനിന്നു തെക്കോട്ടും വടക്കോട്ടുമായി രണ്ടു പ്രചാരണ വാഹനങ്ങളാണ് പുറപ്പെട്ടത്.
ഇസാഫ് മാനേജിംഗ് ഡയറക്ടർ കെ. പോൾ തോമസ്, ഇസാഫ് കോ-ഓപ്പറേറ്റിവ് ചെയർപേഴ്സണ് മെറീന പോൾ, കല്യാണ് ജ്വല്ലേഴ്സ് സിഇഒ സഞ്ജയ് രഘുറാം എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഇസാഫ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ എ.ജി. വർഗീസ്, ജോർജ് കെ. ജോണ്, അജിത് കെ. ചൗധരി, ബോസ്കോ ജോസഫ്, ഇസാഫ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി ജലീഷ് പീറ്റർ എന്നിവരും വിവിധ മാധ്യമസ്ഥാപന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം റോഡ് ഷോയ്ക്കു സ്വീകരണം നല്കും. സമ്മാനങ്ങളും വിനോദ പരിപാടികളുമായാണ് റോഡ് ഷോ.
നവംബർ 15 മുതൽ ഡിസംബർ 16 വരെയാണ് ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ്. ചെറുതും വലുതുമായ നിരവധി വാണിജ്യ സ്ഥാപനങ്ങൾ മേളയുടെ ഭാഗമാകുന്നുണ്ട്. നാലു കോടിയിലേറെ രൂപയുടെ സമ്മാനങ്ങളാണ് മേളയുടെ ഭാഗമായി നല്കുക. കല്യാണ് ജ്വല്ലേഴ്സ് സ്പോണ്സർ ചെയ്യുന്ന ഒരു കോടി രൂപയുടെ ഫ്ലാറ്റാണ് ബമ്പർ സമ്മാനം.
ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ്: റോഡ് ഷോകൾ തുടങ്ങി
11:20 PM Nov 12, 2018 | Deepika.com