വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ട്രംപിനും റിപ്പബ്ളിക്കൻ പാർട്ടിക്കും നിർണായകമായ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഇന്നു നടക്കുകയാണ്. കുടിയേറ്റവിരുദ്ധ വികാരം ഉണർത്തി റിപ്പബ്ളിക്കൻ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്പോൾ ഇന്ത്യൻ വംശജരായ നൂറോളം സ്ഥാനാർഥികളാണു മത്സരരംഗത്തെത്തിയിട്ടുള്ളത്.
ജനപ്രതിനിധി സഭാംഗങ്ങളായ നാല് ഇന്ത്യൻ വംശജരും ഇത്തവണയും കടന്നുകൂടുമെന്നാണു കരുതുന്നത്. അമി ബരാ, റോ ഖന്ന എന്നിവർ കലിഫോർണിയയിൽ നിന്നും രാജാ കൃഷ്ണമൂർത്തി, പ്രമീള ജയ്പാൽ എന്നിവർ യഥാക്രമം ഇല്ലിനോയി, വാഷിംഗ്ടൺ സ്റ്റേറ്റുകളിൽനിന്നുമാണു ജനവിധി തേടുന്നത്.
ബിസിനസുകാരനായ ശിവ് അയ്യാദുരൈയാണ് സെനറ്റിലേക്കു മത്സരിക്കുന്ന ഏക ഇന്ത്യക്കാരൻ . മാസച്യൂസെറ്റ്സിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി എലിസബത്ത് വാറനാണ് സ്വതന്ത്രനായി മത്സരിക്കുന്ന അയ്യാദുരൈയുടെ എതിരാളി. ആകെ നൂറോളം ഇന്ത്യക്കാർ ഇത്തവണ വിവിധ സർക്കാർ പദവികളിലേക്കു മത്സരിക്കുന്നു. അരിസോണ മുതൽ ടെക്സസ് വരെയും ഒഹായോ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലുമായി നിരവധി പേർ മത്സരരംഗത്തുണ്ട്. വരും വർഷങ്ങളിൽ ഇവരുടെ സംഖ്യ വർധിക്കട്ടെയെന്ന് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി അഭിമുഖത്തിൽ പറഞ്ഞു. യുഎസ് രാഷ്ട്രീയത്തിൽ ഇന്ത്യൻ വംശജരുടെ വളർച്ച അവിശ്വസനീയമാണെന്ന് ഇന്ത്യയിലെ മുൻ യുഎസ് സ്ഥാനപതി റിച്ച് വർമ പറഞ്ഞു.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന് ; മത്സര രംഗത്ത് 100 ഇന്ത്യക്കാർ
12:58 AM Nov 06, 2018 | Deepika.com