മെക്സിക്കോസിറ്റി: ഹോണ്ടുറാസും ഗ്വാട്ടിമാലയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് കുടിയേറാൻ പുറപ്പെട്ട നാലായിരത്തോളം പേരടങ്ങുന്ന സംഘം മെക്സിക്കോ അതിർത്തിയിലെത്തി. യുഎസിലേക്കുള്ള അതിർത്തിയിലെ വാതിൽ ബലമായി തുറക്കാൻ ശ്രമിച്ച ഇവർ മെക്സിക്കൻ പോലീസുമായി സംഘർഷമുണ്ടാക്കുകയും ചെയ്തു.
അതിനിടെ യുഎസ് ആഭ്യന്തരസെക്രട്ടറി മൈക്ക് പോംപിയോ മെക്സിക്കോയിലെത്തി. അനധികൃത കുടിയേറ്റം അതിർത്തിയിൽ രൂക്ഷപ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. അമേരിക്കൻ അതിർത്തിയിലെത്തും മുന്പ് അഭയാർഥികളെ തടയേണ്ടത് അനിവാര്യമാണെന്നും മെക്സിക്കൻ ആഭ്യന്തരമന്ത്രി ലുയിസ്് വിഡിഗ്രാറെയ്ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ പോംപിയോ അഭിപ്രായപ്പെട്ടു.
അനധികൃതകുടിയേറ്റക്കാർ മൂലമുണ്ടാകുന്ന അധികബാധ്യത പരിഹരിക്കുന്നതിന് അനുയോജ്യമായ നിയമനിർമാണം ഉണ്ടാകുമെന്നും യുഎസ് ആഭ്യന്തരസെക്രട്ടറി പറഞ്ഞു. അഭയാ ർഥികളെ തടയുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ സന്നദ്ധമാണെന്നു മെക്സിക്കൻ മന്ത്രിയും പറഞ്ഞു. മുൻകാലങ്ങളിലേതുപോലെ അഭയാർതിപ്രശ്നത്തിൽ മനുഷ്യത്വപരമായ നിലപാടായിരിക്കും തന്റെ സർക്കാർ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.മൂവായിരത്തോളം അഭയാർഥികൾ യുഎസ് ലക്ഷ്യമാക്കി മെക്സിക്കൻ അതിർത്തിയിലെത്തി എന്നാണ് സർക്കാർ കണക്ക്. ആറുദിവസം മുന്പാണ് ഇവർ വടക്കൻ ഹോണ്ടുറാസിൽ നിന്ന് യാത്രതിരിച്ചത്.
എന്നാൽ നാലായിരത്തോളം പേർ അതിർത്തിയിലെത്തിക്കഴിഞ്ഞതായി പ്രദേശത്തെത്തിയ മാധ്യമപ്രവർത്തകർ പറയുന്നു.കുടിയേറ്റക്കാരെ തടയാൻ മെക്സിക്കൻ അതിർത്തിയിൽ പട്ടാളത്തെ വിന്യസിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം ഭീഷണിമുഴക്കിയിരുന്നു. ഇതിനുപിന്നാലെയാണു പോംപിയോ മെക്സിക്കോയിലെത്തിയത്.
യുഎസ് ലക്ഷ്യമാക്കി നാലായിരത്തോളം അഭയാർഥികൾ, പ്രതിസന്ധിക്കു സാധ്യത: പോംപിയോ
12:21 AM Oct 21, 2018 | Deepika.com