ന്യൂഡൽഹി: ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പിന്റെ പണിപ്പുരയിൽ രണ്ടു പുതിയ ഫീച്ചറുകളൊരുങ്ങുന്നു. വെക്കേഷൻമോഡ്, ലിങ്ക്ഡ് അക്കൗണ്ട്സ് എന്നിവയാണ് വരാനിരിക്കുന്ന പുത്തൻ ഫീച്ചറുകൾ. അടുത്തിടെ കന്പനി പുറത്തിറക്കിയ സൈലന്റ് മോഡ് ഫീച്ചറിന്റെ ഒരു പടികൂടികടന്ന ഫീച്ചറാണ് വെക്കേഷൻ മോഡ് എന്നാണ് വാബീറ്റ ഇൻഫോ നൽകുന്ന വിവരം.
മ്യൂട്ട് ചെയ്തിരിക്കുന്ന ചാറ്റുകളിൽനിന്നുള്ള നോട്ടിഫിക്കേഷനുകൾ മറയ്ക്കാനുള്ള ഫീച്ചറാണ് സൈലന്റ് മോഡ്. മ്യൂട്ട് ചെയ്തിട്ടുള്ള കോണ്ടാക്ടുകളിൽനിന്നുള്ള ചാറ്റുകൾ സൂക്ഷിക്കാനുള്ള സംവിധാനം പുതിയ വെക്കേഷൻ മോഡിലുണ്ടാകുമെന്നു കേൾക്കുന്നു.
അതേസമയം, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലെ അക്കൗണ്ടുകളുമായി വാട്സാപ് അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള സംവിധാനമാണ് ലിങ്ക്ഡ് അക്കൗണ്ട് ഫീച്ചർ എന്നാണ് റിപ്പോർട്ടുകൾ. വാട്സാപ് ബിസിനസിന്റെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാൻ ലിങ്ക്ഡ് അക്കൗണ്ട് ഫീച്ചർ സഹായകമാകുമെന്നാണ് വിലയിരുത്തൽ. വൈകാതെതന്നെ രണ്ടു ഫീച്ചറുകളും ഉപയോക്താക്കളിലെത്തുമെന്നും വാബീറ്റ ഇൻഫോ റിപ്പോർട്ടു ചെയ്യുന്നു.
വെക്കേഷൻ മോഡ്, ലിങ്ക്ഡ് അക്കൗണ്ട്: വാട്സാപ് പണിപ്പുരയിൽ രണ്ടു ഫീച്ചറുകൾ
10:56 PM Oct 20, 2018 | Deepika.com