വത്തിക്കാൻ സിറ്റി: ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ അത്ഭുത രോഗശാന്തി ലഭിച്ചതു വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരുടെ സമിതി സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം വത്തിക്കാനിലെ വിശുദ്ധരുടെ കാര്യാലയത്തിൽ കൂടിയ ഏഴംഗ സമിതിയാണ് അത്ഭുത രോഗശാന്തി സ്ഥിരീകരിച്ചത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ സുപ്രധാന ഘട്ടമാണിത്.
അത്ഭുത രോഗശാന്തി ലഭിച്ചതു സംബന്ധിച്ച എല്ലാ മെഡിക്കൽ രേഖകളും റിപ്പോർട്ടുകളും മാർച്ചിൽ വത്തിക്കാനിലെ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിച്ചു സ്ഥിരീകരിച്ചിരുന്നു. അത്ഭുത രോഗശാന്തി സംബന്ധിച്ച രേഖകൾ അടങ്ങുന്ന ""പൊസിസിയോ'' മറിയം ത്രേസ്യയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ റവ.ഡോ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ് വത്തിക്കാനിലെ വിശുദ്ധരുടെ കാര്യാലയത്തിനു സമർപ്പിച്ചിരുന്നു. ഈ ""പൊസിസിയോ''യാണ് ഇപ്പോൾ ദൈവശാസ്ത്രജ്ഞരുടെ സമിതി പഠിച്ച് സ്ഥിരീകരിച്ചത്.
തൃശൂർ അതിരൂപതയിലെ പെരിഞ്ചേരിയിൽ ചൂണ്ടൽ ജോഷിയുടെയും ഷിബിയുടെയും മകനായ ക്രിസ്റ്റഫറിനാണ് അത്ഭുത രോഗശാന്തി ലഭിച്ചത്. തൃശൂർ ജില്ലയിലെ മാളയ്ക്കടുത്തു പുത്തൻചിറയിൽ ചിറമ്മൽ മങ്കിടിയാൻ തോമയുടെയും താണ്ടയുടെയും മകളായി 1876 ഏപ്രിൽ 26നാണു മറിയം ത്രേസ്യയുടെ ജനനം. 1914 മേയ് 14 നു പുത്തൻചിറയിൽ മറിയം ത്രേസ്യ ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. സഹസ്ഥാപകനായ ജോസഫ് വിതയത്തിലച്ചനെ""ധന്യ''പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള ഡിക്രിയിൽ ഫ്രാൻസിസ് മാർപാപ്പ മറിയം ത്രേസ്യയെ കുടുംബങ്ങളുടെ മധ്യസ്ഥയായും ഭാരതത്തിൽ മദർ തെരേസയുടെ മുൻഗാമിയായും വിശേഷിപ്പിച്ചിരുന്നു.
1926 ജൂണ് എട്ടിനാണു മദർ മറിയം ത്രേസ്യയുടെ മരണം. 2000 ഏപ്രിൽ ഒമ്പതിനു വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.
വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ ഒമ്പതാം വാർഷികദിനത്തിലാണ് ക്രിസ്റ്റഫറിന്റെ അത്ഭുത രോഗശാന്തിയുണ്ടായത്. കർദിനാൾമാരുടെ സമിതികൂടി ""പൊസിസിയോ'' വിലയിരുത്തുന്നതോടെ മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുത രോഗശാന്തി സംബന്ധിച്ച എല്ലാ പഠനങ്ങളും പൂർത്തിയാകുമെന്നു നാമകരണ നടപടികൾക്കു നേതൃത്വം നൽകുന്ന പോസ്റ്റുലേറ്റർ റവ.ഡോ. ബെനഡിക്ട് വടക്കേക്കര, ഹോളി ഫാമിലി സുപ്പീരിയർ ജനറൽ മദർ സിസ്റ്റർ ഉദയ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ ഡോ. റോസ്മിൻ മാത്യു എന്നിവർ അറിയിച്ചു.
മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ രോഗശാന്തി സ്ഥിരീകരിച്ചു
12:32 AM Oct 20, 2018 | Deepika.com