ന്യൂഡൽഹി: കെവൈസി (നോ യുവർ ക്ലയന്റ്) മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ആധാർ അധിഷ്ഠിത ഒഥന്റിക്കേഷൻ ഇനി ഉപയോഗിക്കില്ലെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഓഫ് ഇന്ത്യ.
കെവൈസിക്കായി ആധാർ ഉപയോഗിക്കരുതെന്ന യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഈ മാസം പന്ത്രണ്ടിന് മ്യൂച്വൽ ഫണ്ട്സ് അസോസിയേഷന് കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. ഈ മാസം 20 മുതൽ ആധാർ ഒഥന്റിക്കേഷൻ നടത്തില്ലെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻ.എസ്. വെങ്കടേഷ് അറിയിച്ചു.
ഇ-കെവൈസിയിൽനിന്ന് പേപ്പർ കെവൈസിയിലേക്ക്
ഇ-കെവൈസി സംവിധാനങ്ങൾ മാറുന്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപകർ തങ്ങളുടെ തിരിച്ചറിയൽ രേഖയുടെ ഒറിജിനലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും നേരിട്ടെത്തി ഹാജരാക്കണം. ആധാർ അധിഷ്ഠിത ഒഥന്റിക്കേഷനായിരുന്നെങ്കിൽ ഇത് ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനമുണ്ടായിരുന്നു. കൂടാതെ വൺ ടൈം പാസ്വേഡ് (ഒടിപി), ബയോമെട്രിക് സംവിധാനങ്ങളിലൂടെയും കെവൈസി നിബന്ധനകൾ പൂർത്തീകരിക്കാൻ നേരത്തെ കഴിയുമായിരുന്നു.
മ്യൂച്വൽ ഫണ്ടുകൾ ആധാർ ഒഥന്റിക്കേഷൻ നടത്തില്ല
10:56 PM Oct 16, 2018 | Deepika.com