വാഷിംഗ്ടൺ ഡിസി : തുർക്കിയിലെ ജയിലിൽനിന്നു വിട്ടയച്ച യുഎസ് പാസ്റ്റർ ആൻഡ്രൂ ബ്രൻസൺ ശനിയാഴ്ച വൈറ്റ്ഹൗസിലെത്തി പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ട്രംപിനെ ഈ രാജ്യത്തിന് അനുഗ്രഹമാക്കി മാറ്റി അദ്ദേഹത്തിനു അഭൗമമായ ബുദ്ധി നൽകണമെന്ന് ഓവൽ ഓഫീസിൽ ട്രംപിനു സമീപം മുട്ടുകുത്തി നിന്ന് പാസ്റ്റർ ബ്രൻസൺ പ്രാർഥിച്ചു. തുർക്കി ജയിലിൽനിന്ന് 24 മണിക്കൂറിനകം വൈറ്റ്ഹൗസിൽ. മോശമില്ല- ട്രംപ് പ്രതികരിച്ചു.
രണ്ടു ദശകമായി തുർക്കിയിൽ സുവിശേഷ വേല നടത്തുന്ന പാസ്റ്റർ ബ്രൻസനെ എർദോഗന്റെ എതിരാളിയായ ഗുലെന്റെ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭീകരപ്രവർത്തനക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. തുർക്കി കോടതി രണ്ടുവർഷം തടവുശിക്ഷ നൽകിയെങ്കിലും നേരത്തെ ജയിലിൽ കിടന്ന കാലയളവു പരിഗണിച്ച് കഴിഞ്ഞ ദിവസം മോചിപ്പിക്കുകയായിരുന്നു. ബ്രൻസനെ വിട്ടയച്ചതിന് തുർക്കി പ്രസിഡന്റ് എർദോഗന് പ്രസിഡന്റ് ട്രംപ് നന്ദി പറഞ്ഞു.
ഏതാനും നാളത്തെ വിശ്രമത്തിനുശേഷം ഭാവി പരിപാടികൾ നിശ്ചയിക്കുമെന്നു ബ്രൻസൻ പറഞ്ഞു. തുർക്കി ജയിലിൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. ഓവൽ ഓഫീസിലെ ചടങ്ങിൽ മൈക്ക് പോംപിയോ, ജോൺ ബോൾട്ടൻ തുടങ്ങിയവരും ഏതാനും റിപ്പബ്ളിക്കൻ കോൺഗ്രസ് അംഗങ്ങളും പങ്കെടുത്തു.
തുർക്കിയിൽനിന്നു മോചിതനായ പാസ്റ്റർ ട്രംപിനെ അനുഗ്രഹിച്ചു
12:24 AM Oct 15, 2018 | Deepika.com