ബംഗളൂരു: ചൈനീസ് ടെക് വന്പൻ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസറിന്റെ ഇന്ത്യൻ ഘടകം സ്വന്തമാക്കാനൊരുങ്ങി ഡിജിറ്റൽ പേമെന്റ് കന്പനിയായ പേടിഎം. രണ്ടു കന്പനികളുടെയും ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ചകളിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിയതായാണു വിവരം. പേടിഎം സിഎഫ്ഒ മധു ഡെറോറയാണ് ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. നേരത്തേ ഇന്ത്യയിലെ ഒരു മൊബൈൽ നിർമാണക്കന്പനി യുസി ബ്രൗസർ സ്വന്തമാക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
നിലവിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം യൂസിബ്രൗസറിനാണ്. 2017ലാണ് ഗൂഗിൾക്രോമിനെ പിന്നിലാക്കി യുസിബ്രൗസർ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ബ്രൗസറാകുന്നത്. യുസി ബ്രൗസർ സ്വന്തമാക്കുന്നതിലൂടെ തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണവും വർധിപ്പിക്കാമെന്നാണ് പേടിഎമ്മിന്റെ കണക്കുകൂട്ടൽ.
ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ പേടിഎമ്മിന് ഉപയോക്താക്കൾ നിരവധിയുണ്ടെങ്കിലും ചെറുനഗരങ്ങളിലും പട്ടണങ്ങളിലും കുറവാണ്. അതേസമയം, യുസി ബ്രൗസറിന്റെ ഉപയോക്താക്കളിൽ അധികവും ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ളവരാണ്. അതിനാൽത്തന്നെ യുസി ബ്രൗസർ സ്വന്തമാക്കാനായാൽ ഇന്ത്യയിലെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ആധിപത്യം സ്ഥാപിക്കാൻ പേടിഎമ്മിനു സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യക്കു പുറമേ ചൈന, വിയറ്റ്നാം, റഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും യുസി ബ്രൗസറിനു മേൽക്കൈയുണ്ട്.
യുസി ബ്രൗസറിൽ നോട്ടമിട്ട് പേടിഎം
12:40 AM Oct 13, 2018 | Deepika.com