ന്യൂയോർക്ക്: രാഷ്ട്രീയത്തിലിറങ്ങിയാൽ തന്റെ നാക്ക് മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമെന്ന് പെപ്സി കന്പനിയുടെ സിഇഒ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഇന്ത്യൻ വംശജ ഇന്ദ്ര നൂയി. എന്തും വെട്ടിത്തുറന്നുപറയുന്ന തന്റെ പ്രകൃതം രാഷ്ട്രീയത്തിനു യോജിച്ചതല്ലെന്ന് അവർ വ്യക്തമാക്കി.
ബിസിനസ് നേട്ടങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പേരിൽ ഏഷ്യാ സൊസൈറ്റി നല്കിയ ‘ഗെയിം ചേഞ്ചർ ഓഫ് ദ ഇയർ’ അവാർഡ് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു. പെപ്സി കന്പനിയുടെ മേധാവിസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രസിഡന്റ് ട്രംപിന്റെ കാബിനറ്റിൽ ചേരുമോയെന്ന ചോദ്യത്തിന് ഉത്തരമായാണ് അവർ നിലപാടു വ്യക്തമാക്കിയത്.
“ഞാനും രാഷ്ട്രീയവും തമ്മിൽ ഒത്തുപോകില്ല. ഞാൻ എന്തും വെട്ടിത്തുറന്നു പറയുന്നയാളാണ്. എനിക്ക് നയതന്ത്രം ഒട്ടും വഴങ്ങില്ല. നയതന്ത്രം എന്താണെന്നു പോലും എനിക്കറിയില്ല.”
അറുപത്തിരണ്ടുകാരിയായ ഇന്ദ്ര നൂയി ഈ മാസം രണ്ടിനാണ് പെപ്സികോയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞത്. റമോൺ ലഗാർതയാണ് പകരം നിയമിക്കപ്പെട്ടിരിക്കുന്നത്. അധികാരക്കൈമാറ്റം സുഗമമാക്കാനായി 2019 വരെ ഇന്ദ്ര കന്പനിയുടെ ചെയർമാനായി തുടരും. 40 വർഷം ദിവസം 18-20 മണിക്കൂർ ജോലി ചെയ്ത തനിക്ക് സിഇഒ പദവി ഒഴിഞ്ഞശേഷം അല്പം സ്വാതന്ത്ര്യം ലഭിച്ചതായി തോന്നുന്നുവെന്നും ഇന്ദ്ര പറഞ്ഞു.
രാഷ്ട്രീയത്തിലേക്കു വന്നാൽ മൂന്നാം ലോകമഹായുദ്ധമുണ്ടാകും: ഇന്ദ്ര നൂയി
12:17 AM Oct 11, 2018 | Deepika.com