ഫിലാഡൽഫിയ: യുഎസിലെ പ്രമുഖ നടൻ ബിൽ കോസ്ബിക്ക് ലൈംഗിക പീഡനക്കേസിൽ മൂന്നു മുതൽ പത്തു വർഷം വരെ തടവുശിക്ഷ. എൺപത്തിത്തൊന്നുകാരനായ നടനെ ഗുരുതര ലൈംഗിക പീഡനം നടത്തുന്നവരുടെ പട്ടികയിലും പെൻസിൽവാനിയ കോടതി ഉൾപ്പെടുത്തി.
ഫിലാഡൽഫിയയിലെ ടെന്പിൾ യൂണിവേഴ്സിറ്റിയിലെ മുൻ ബാസ്കറ്റ്ബോൾ അഡ്മിനിസ്ട്രേറ്ററും സുഹൃത്തുമായ ആൻഡ്രിയ കോൺസ്റ്റാൻഡിനെ 2004ൽ മയക്കുമരുന്നു നല്കി പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണു ശിക്ഷ. നടനെ വിലങ്ങുവച്ച് മോണ്ട്ഗൊമെറി കൗണ്ടി ജയിലിൽ അടച്ചു.
ടെലിവിഷൻ ഷോകളിലൂടെ കുടുംബപ്രേഷകർക്കു പ്രിയങ്കരനായ കോസ്ബി അമേരിക്കയുടെ ഡാഡി എന്നാണ് അറിയിപ്പെട്ടിരുന്നത്. പ്രൈംടൈം ടെലിവിഷൻ പരന്പരയിൽ നായകനാകുന്ന ആദ്യ ആഫ്രിക്കൻ വംശജനാണ്.
കോസ്ബി കുറ്റക്കാരനാണെന്ന് ഏപ്രിലിൽ കോടതി വിധിച്ചിരുന്നു. തുടർന്നു വീട്ടുതടങ്കലിലായിരുന്നു. പ്രായാധിക്യം പരിഗണിച്ച് ശിക്ഷ ഇളവു ചെയ്യണമെന്ന കോസ്ബിയുടെ ആവശ്യം കോടതി നിരാകരിച്ചു.
ആൻഡ്രിയയുടെ പരാതിക്കു പിന്നാലെ അറുപതോളം സ്ത്രീകൾ കോസ്ബിക്കെതിരേ പരാതിയുമായി രംഗത്തുവന്നെങ്കിലും ഒന്നും തെളിയിക്കപ്പെട്ടില്ല. 15 വർഷം മുന്പ് കോസ്ബിയിൽനിന്നേറ്റ പീഡനം തുടർന്നുള്ള ജീവിതത്തെ മുഴുവൻ ബാധിച്ചുവെന്ന് ഇപ്പോൾ 45 വയസുള്ള ആൻഡ്രിയ കോടതിയിൽ പറഞ്ഞു.
പീഡനക്കേസിൽ ബിൽ കോസ്ബി ജയിലിൽ
12:32 AM Sep 27, 2018 | Deepika.com