വാഷിംഗ്ടൺ ഡിസി: ആണവ നിരായുധീകരണ നടപടികൾ 2021 ജനുവരിയോടെ ഉത്തരകൊറിയ പൂർത്തിയാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നിർദേശിച്ചു. ഈ ലക്ഷ്യം മുൻനിർത്തി പ്യോഗ്യാംഗുമായി സംഭാഷണം പുനരാരംഭിക്കാൻ തയാറാണെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
അടുത്തയാഴ്ച ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ളി യോഗത്തിനെത്തുന്ന ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രി റി യോംഗ് ഹോയുമായി കൂടിക്കാഴ്ച നടത്താനാവുമെന്നും പോംപിയോ പ്രത്യാശിച്ചു.
യുഎൻ ആണവോർജ ഏജൻസി ഇൻസ്പെക്ടർമാരുടെ സാന്നിധ്യത്തിൽ തങ്ങളുടെ മിസൈൽ പരീക്ഷണകേന്ദ്രം നശിപ്പിക്കാമെന്ന് കഴിഞ്ഞദിവസം പ്യോഗ്യാംഗിൽ ദക്ഷിണകൊറിയൻ നേതാവ് മൂൺജേ ഇന്നുമായി നടത്തിയ ചർച്ചയിൽ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ സമ്മതിച്ചിരുന്നു. സിയൂൾ സന്ദർശിക്കുമെന്നും കിം പറഞ്ഞു. ഇതിനു പിന്നാലെയാണ് ആണവ നിരായുധീകരണത്തിനു സമയപരിധി പ്രഖ്യാപിച്ച് പോംപിയോ പ്രസ്താവന നടത്തിയത്.
ട്രംപിന്റെ ഭരണം തീരും മുന്പ് ആണവ നിരായുധീകരണത്തിനു തയാറാണെന്നു നേരത്തെ പ്യോംഗ്യാംഗ് പറഞ്ഞിരുന്നു. എന്നാൽ കൃത്യമായ തീയതി നിർദേശിക്കുന്നത് പോംപിയോയാണ്.
ഉത്തരകൊറിയ 2021ൽ ആണവ നിരായുധീകരണം പൂർത്തിയാക്കണം: യുഎസ്
11:51 PM Sep 20, 2018 | Deepika.com