കൊച്ചി: എൽഐസിയുടെ പുതിയ പെൻഷൻ പദ്ധതിയായ "ജീവൻ ശാന്തി' അവതരിപ്പിച്ചു. ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്ന പെൻഷൻ പദ്ധതിയാണിത്. സ്വന്തം പേരിലോ രണ്ടു വ്യക്തികളുടെ പേരിൽ സംയുക്തമായോ പോളിസി എടുക്കാം. 30 വയസ് മുതൽ 79 വയസുവരെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. ഒന്നര ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം. ഒരു വർഷത്തിനുള്ളിൽ വായ്പാ സൗകര്യവും മൂന്നു മാസത്തിനുശേഷം സറണ്ടർ സൗകര്യവും ലഭ്യമാണ്.
ഒന്നു മുതൽ 20 വരെയുള്ള വർഷത്തിൽ എപ്പോൾ പെൻഷൻ ആരംഭിക്കണമെന്നു പോളിസി ഉടമയ്ക്കു തെരഞ്ഞെടുക്കാവുന്നതാണ്. പോളിസി ആരംഭിക്കുന്പോൾ തന്നെ ലഭിക്കേണ്ട പെൻഷനു ഗാരണ്ടി നല്കും. അടയ്ക്കുന്ന പ്രീമിയത്തിനു സെക്ഷൻ (80) സി പ്രകാരം ആദായനികുതി ആനുകൂല്യവും ലഭിക്കും.
ട്രാൻസ്ജെൻഡറുകൾക്കു പദ്ധതിയിൽ പങ്കുചേരാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നു സീനിയർ ഡിവിഷണൽ മാനേജർ പി. രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പോളിസി ഉടമ മരിച്ചാൽ ആനുകൂല്യം ഒരുമിച്ചോ തവണകളായോ പെൻഷനായോ അവകാശിക്ക് നല്കാനുള്ള അവസരവുമുണ്ട്. വിനോദ് കെ. ജോസഫ്, സി.കെ. സുജാത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എൽഐസിയുടെ ജീവൻശാന്തി പെൻഷൻ പദ്ധതി തുടങ്ങി
12:19 AM Sep 15, 2018 | Deepika.com