നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതി നിയമം വകുപ്പ് 2(14) അനുസരിച്ച് കൃഷിഭൂമിയെ കാപ്പിറ്റൽ അസറ്റ് എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. നഗരപരിധിയിൽ അല്ലാത്ത കൃഷിഭൂമിയെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. നഗരപരിധിയിൽ അല്ലാത്ത കൃഷിഭൂമി വില്പന നടത്തുന്ന സമയത്ത് ലഭിക്കുന്ന മൂലധനനേട്ടം നികുതിക്ക് അർഹമല്ല. അതു പൂർണ്ണമായും ആദായനികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നതാണ്. അത് വില്പനയായാലും നിർബന്ധതിത ഏറ്റെടുക്കൽ ആയാലും മൂലധനനേട്ടത്തിൽനിന്ന് ഒഴിവുള്ളതുതന്നെ.
എന്നാൽ, 2004 മുതൽ ആദായനികുതി നിയമത്തിൽ വകുപ്പ് 10(37) അനുസരിച്ച് നഗരപരിധിയിൽ സ്ഥിതിചെയ്യുന്ന കൃഷിഭൂമിക്കും നിർബന്ധിത ഏറ്റെടുക്കൽ വേണ്ടിവരുന്ന സാഹചര്യത്തിൽ വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും ചില നിബന്ധനകൾക്ക് വിധേയമായി ഒഴിവ് നൽകിയിട്ടുണ്ട്. എന്നാൽ ആദായനികുതിനിയമത്തിലെ വകുപ്പ് 2(14) ലെ കൃഷിഭൂമിയുടെ നിർവചനത്തിൽ മാറ്റം വരുത്താത്തതിനാൽ സംശയങ്ങൾക്കും തർക്കങ്ങൾക്കും കാരണമായിട്ടുണ്ടായിരുന്നു.
2014 മുതൽ
എന്നാൽ ആർഎഫ്സിടിഎൽഎഎആർ നിയമം -റൈറ്റ് ടു ഫെയർ കോന്പൻസേഷൻ & ട്രാൻസ്പെരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റീ ഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 ലെ 94-ാം വകുപ്പ് അനുസരിച്ച് ഏതു ഭൂമിയുടെയും നിർബന്ധിത ഏറ്റെടുക്കലിന് ലഭിക്കുന്ന കോന്പെൻസേഷൻ നികുതി വിമുക്തമാണ്. ഇതനുസരിച്ച് നഗരപരിധിയിൽ ഉള്ള കൃഷിഭൂമി അല്ലാത്ത ഭൂസ്വത്തുക്കളുടെയും നിർബന്ധിത ഏറ്റെടുക്കലിന് നികുതി ഒഴിവ് നൽകേണ്ടതാണ്. എന്നാൽ ആദായനികുതി നിയമത്തിൽ ഇതിനനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടില്ലാത്തതിനാൽ പല നികുതി ഉദ്യോഗസ്ഥരും സംശയം പ്രകടിപ്പിക്കുന്ന അവസ്ഥയുണ്ടായി.
എന്നാൽ 25-10-2016 ൽ സിബിഡിടി പുറത്തിറക്കിയ 36/2016 സർക്കുലർ അനുസരിച്ച് നിർബന്ധിത ഏറ്റെടുക്കലിന് ലഭിക്കുന്ന കോന്പൻസേഷൻ കൃഷിഭൂമിയെന്നോ നഗരപരിധിയിലുള്ള ഭൂമിയെന്നോ ഉള്ള യാതൊരു വിവേചനവും കൂടാതെ മൂലധനനേട്ടത്തിൽനിന്നും പൂർണ്ണമായി നികുതി ഒഴിവ് നൽകിയിട്ടുള്ളതാണ്. കൂടാതെ ആർഎഫ്സിടിഎൽഎഎആർ നിയമം 1-1-2014 മുതൽ പ്രാബല്യത്തിൽ ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നികുതി ഒഴിവുള്ള കോന്പൻസേഷനും രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്കും സ്രോതസിൽ നികുതി പാടില്ല
ആദായനികുതി നിയമം 197 എൽഎ അനുസരിച്ച് നിർബന്ധിത ഏറ്റെടുക്കലിന്റെ കോന്പെൻസേഷൻ റെസിഡന്റിന് നൽകുന്പോൾ (കൃഷിഭൂമി ഒഴികെ) സ്രോതസിൽനിന്നും 10% നികുതിയായി പിടിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ കോന്പെൻസേഷൻ തുക രണ്ടരലക്ഷം രൂപയിൽ താഴെയാണെങ്കിൽ ഇത് പിടിക്കേണ്ടതില്ല. കൂടാതെ ആർഎഫ്സിടിഎൽഎഎആർ നിയമം അനുസരിച്ച് നടത്തുന്ന നിർബന്ധിത ഏറ്റെടുക്കലിന് നൽകുന്ന കോന്പെൻസേഷന് സ്രോതസിൽ നികുതി പിടിക്കേണ്ടതില്ല.
കോന്പൻസേഷൻ തുക ഉഭയസമ്മതപ്രകാരം വാങ്ങിയാലും നികുതി ഒഴിവ്
കോന്പൻസേഷൻ തുക ഉഭയസമ്മതപ്രകാരം വാങ്ങിയാലും നിർബന്ധിത ഏറ്റെടുക്കലിന്റെ സ്വഭാവത്തിന് മാറ്റമൊന്നും വരുന്നില്ലായെന്നും അത് സ്വതന്ത്രമായൊരു വില്പന ആകുന്നില്ലായെന്നും ഇൻഫോപാർക്ക് - കേരളയുടെ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
മുൻകൂർ ആദായനികുതിയുടെ രണ്ടാമത്തെ ഗഡു സെപ്റ്റംബർ 15 ന് മുന്പ്
2018-19 സാന്പത്തികവർഷത്തിലെ മുൻകൂർ ആദായനികുതിയുടെ രണ്ടാമത്തെ ഗഡു 2018 സെപ്റ്റംബർ 15 ന് മുന്പാണ് അടയ്ക്കേണ്ടത്. ആകെയുള്ള വരുമാനത്തിന്റെ നികുതി നിശ്ചയിച്ച് അതിന്റെ 45 ശതമാനത്തിൽനിന്നു നാളിതുവരെ സ്രോതസിൽ പിടിച്ച നികുതി കിഴിച്ച് ബാക്കിവരുന്ന തുകയിൽനിന്നും ആദ്യഗഡുവായി അടച്ച നികുതി തുക കിഴിച്ച് ബാക്കി വന്ന തുകയാണ് രണ്ടാമത്തെ ഗഡുവായി അടയ്ക്കേണ്ടത്. ഇന്ത്യയിൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽ നിന്നും പ്രൊഫഷണലിൽനിന്നും വരുമാനം ഒന്നുമില്ലെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. അതുപോലെ തന്നെ ആകെ നികുതി തുക 10,000 രൂപയിൽ താഴെയാണെങ്കിലും മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. അനുമാന നികുതി അടയ്ക്കുന്നതിന് തെരഞ്ഞെടുത്തിരിക്കുന്നവർ മുൻകൂർ നികുതി ഗഡുക്കളായി അടയ്ക്കേണ്ടതില്ല. മറിച്ച് 2019 മാർച്ച് 15 ന് മുന്പായി ഒറ്റ ഗഡുവായി അടയ്ക്കാവുന്നതാണ്.
ഭൂസ്വത്തുക്കളുടെ നിർബന്ധിത ഏറ്റെടുക്കൽ: കോന്പൻസേഷൻ തുകയ്ക്ക് നികുതി ഒഴിവ്
11:44 PM Sep 09, 2018 | Deepika.com